Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ് അതിക്രമം:...

പൊലീസ് അതിക്രമം: അന്വേഷണം അമിത് ഷായിലേക്ക് നീട്ടണം, ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി പുതിയ ഹരജി

text_fields
bookmark_border
Amit Shah
cancel
camera_alt

അമിത് ഷാ 

ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തിനിടെ ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ പുതിയ അപേക്ഷ.

സുപ്രീംകോടതി രൂപവത്കരിച്ച ഉന്നതാധികാര അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജിക്കാര്യം മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പരാമർശിച്ചപ്പോൾ അതനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.

പ്രമാദമായ കേസുകളിൽ സർക്കാറിന് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചവരും സർക്കാറിനെ പിന്തുണക്കുന്നവരും ഉൾപ്പെടുന്ന നിലവിലുള്ള അന്വേഷണ സമിതിൽനിന്ന് നീതി ലഭിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ അടക്കമുള്ള അഭിഭാഷകർ വിമർശനം ഉയർത്തുന്നതിനിടയിലാണ് ശൈലേന്ദ്ര മണി ത്രിപാഠി എന്നയാൾ അമിത് ഷായിലേക്ക് അന്വേഷണം നീട്ടാനും സമിതി പുനഃസംഘടിപ്പിക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്.

അതിക്രമത്തിൽ പൊലീസുകാരുടെ പങ്കിനെക്കുറിച്ച് സുപ്രീംകോടതി ഉന്നതാധികാര സമിതി അന്വേഷിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നെന്നും എന്നാൽ അത് പോരെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നതരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. അമിത് ഷാക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ, ഡൽഹി പൊലീസിലെ സ്പെഷൽ, ജോയന്റ് കമീഷണർമാർ, ആർ.എ.എഫ് ഐ.ജി സീമ ധുന്ധ്യ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ സുപ്രീംകോടതി പ്രഖ്യാപിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്നും നിലവിലുള്ള അധ്യക്ഷനായ ജ. ആർ. സുഭാഷ് റെഡ്ഡിക്ക് പകരം മുൻ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നിവരിൽ ഒരാളെ സമിതി അധ്യക്ഷനാക്കണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെടുന്നത്. ലിംഗനീതിയും നിയമപരമായ വൈദഗ്ധ്യവും ഉറപ്പാക്കാൻ ഒരു വിരമിച്ച വനിതാ ഡി.ജി.പിയെയും മുൻ അറ്റോണി ജനറലിനെയും സമിതിയിൽ ഉൾപ്പെടുത്തണം എന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
TAGS:Police Atrocity CJP Protest Amit Shah delhi police 
News Summary - New plea seeks probe into Amit Shah and reconstitution of high power committee
Next Story