പുതിയ ബില്ലും മുനമ്പവും; തീർത്തു പറയാനാകാതെ കേന്ദ്ര സർക്കാർ
text_fieldsമുസ്ലിംകളുടെ വഖഫ്വഖഫ് സ്വത്തിന് മേലുള്ള കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകപ്പെടാൻ അവസരമൊരുക്കുന്ന ബിൽ മുസ്ലിം സമുദായത്തിന് ഗുണമാണെന്ന് പ്രചരിപ്പിക്കുന്നതുപോലെ, നിയമം വന്നാൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രചരിപ്പിക്കാനും കേന്ദ്ര സർക്കാറിന് കഴിഞ്ഞിരിക്കുകയാണ്.
മറ്റൊരു ന്യൂനപക്ഷ സമുദായ നേതൃത്വത്തെ ഉപയോഗിച്ച് വഖഫിനെ ‘ഭീകരവത്കരിക്കാൻ’ നടത്തിയ ശ്രമം കുറച്ചൊക്കെ വിജയം കണ്ടുവെങ്കിലും ഭേദഗതിയിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തീർത്തു പറയാൻ ബിൽ അവതരിപ്പിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന് കഴിഞ്ഞിട്ടില്ല.
മുനമ്പത്തിന്റെ കാര്യത്തിൽ ക്രൈസ്തവ സഭക്കുള്ള ആശങ്ക തന്നെയാണ്, ‘നിലവിലുള്ള ഭേദഗതി വ്യവസ്ഥകളിൽ നിയമം നടപ്പാക്കിയാൽ ആ ഭൂമി കിട്ടില്ലെന്നും അതിനായി പുതിയ ഭേദഗതി വേണമെന്നു’മുള്ള ആവശ്യം കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി സഭയിൽ പ്രകടിപ്പിച്ചതും.
നിലവിലുള്ള നിയമത്തിലെ 40ാം വകുപ്പ് എടുത്തുകളഞ്ഞതോടെ വഖഫ് ബോർഡുകൾക്ക് ഇനി ഒരു സ്വത്തിലും അവകാശവാദമുന്നയിച്ച് സ്വന്തം നിലക്ക് നടപടിയെടുക്കാൻ പറ്റില്ലെന്നും മുനമ്പത്തിന്റെ കാര്യത്തിലും ഇത് കോടതിയിൽ പറയാമെന്നുമായിരുന്നു റിജിജുവിന്റെ മറുപടി.
ഏതെങ്കിലും ഒരു സ്വത്ത് വഖഫ് സ്വത്താണെന്നറിഞ്ഞാൽ സ്വന്തം നിലക്ക് അന്വേഷണം നടത്തി അത് വഖഫാണോ അല്ലേ എന്ന് തീരുമാനിക്കാനുള്ള വഖഫ് ബോർഡിന്റെ അവകാശമാണ് 40ാം വകുപ്പ് എടുത്തുകളഞ്ഞതിലൂടെ ഇല്ലാതായത്. ഇതിന് മുൻകാല പ്രാബല്യമില്ലാത്തതിനാൽ നിയമം നടപ്പിൽവരുന്ന നാൾവരെ വഖഫ് ബോർഡ് കൈക്കൊണ്ട നടപടികൾ അസാധുവാകില്ല. മാത്രമല്ല, മുനമ്പം വഖഫ് ഭൂമിയാണെന്ന് ബോർഡ് അല്ല, കോടതി തന്നെ വിധിച്ചതുമാണ്.
ഹൈകോടതി വിധിക്കുമേൽ മറ്റൊരു തീർപ്പിന് പറ്റാത്തത് കൊണ്ടാണ് മുനമ്പം കമീഷനെ പോലും റദ്ദാക്കിയത്. ചുരുക്കത്തിൽ, മുനമ്പത്തെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം നിൽക്കുമെന്ന്, അവിടത്തുകാർക്ക് അങ്ങോട്ടു പോയി ഉറപ്പുനൽകിയ മുസ്ലിം സംഘടനകളുടെയും ഭരണ-പ്രതിപക്ഷ പാർട്ടികളുടെയും വാഗ്ദാനമുണ്ടായിട്ടും വഖഫ് നിയമം തന്നെ അട്ടിമറിക്കാൻ പിന്തുണയുമായി ഡൽഹിക്ക് വണ്ടി കയറിയവർക്ക് കേരളത്തിലേക്കുതന്നെ തിരിച്ചുവരേണ്ടിവരുമോയെന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.