കൈ കോർത്ത്; നിതീഷും തേജസ്വിയും ഖാർഗെയുടെ വസതിയിൽ; ചർച്ചയിൽ രാഹുലും
text_fieldsതിരിച്ചുപിടിക്കാൻ... ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ ബിഹാർ
മുഖ്യമന്ത്രി നിതീഷ് കുമാർ രാഹുൽ ഗാന്ധിയോടൊപ്പം. മല്ലികാർജുൻ ഖാർഗെ സമീപം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന പ്രതിപക്ഷ പൊതുലക്ഷ്യത്തിലേക്ക് കോൺഗ്രസ്, ജനതദൾ-യു, രാഷ്ട്രീയ ജനതദൾ എന്നീ പാർട്ടികൾ ഔപചാരികമായ ആദ്യ ചുവട് മുന്നോട്ടുവെച്ചു. ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തി പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഐക്യശ്രമം ചർച്ച ചെയ്തു. ഇതിന് ശേഷം നിതീഷ് കുമാറും തേജസ്വി യാദവും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെയും കണ്ടു.
പ്രതിപക്ഷ ഐക്യത്തിന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ഖാർഗെ കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കോൺഗ്രസ് നേതാക്കൾക്ക് നിതീഷ് കൈ കൊടുത്തത്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ കണ്ണുവെക്കുന്ന നിതീഷിന്റെ നീക്കങ്ങളോട് കോൺഗ്രസ് കൈയകലം പാലിച്ചു നിൽക്കുമ്പോൾതന്നെയാണിത്. ആർ.ജെ.ഡി വർഷങ്ങളായി കോൺഗ്രസിനൊപ്പമാണ്.
രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിച്ച വിഷയത്തിൽ തൃണമൂൽ കോൺഗ്രസ്, ബി.ആർ.എസ് അടക്കമുള്ളവർ കോൺഗ്രസിനെ പിന്തുണച്ചത് പ്രതിപക്ഷ ഐക്യശ്രമങ്ങളിൽ ഉണർവ് പകർന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പിലേക്ക് മുന്നൊരുക്കം നടത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭരണഘടനയും ജനശബ്ദവും സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരുമായി കൈകോർക്കുമെന്ന് കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
അദാനി, മോദിയുടെ ഡിഗ്രി തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്നതിനോട് എൻ.സി.പി നേതാവ് ശരദ്പവാർ പ്രകടിപ്പിച്ച അതൃപ്തി ഐക്യമെന്ന പൊതുലക്ഷ്യത്തെ ബാധിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിലെത്തിയ നിതീഷ് കുമാർ വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളുമായി ചർച്ച നടത്തും.
ചരിത്രപരമെന്ന് നേതാക്കൾ
കൂടിക്കാഴ്ചയെ ചരിത്രപരമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത്. ജനശബ്ദം ഉയർത്താനും രാജ്യത്തിന് പുതിയ ദിശ നൽകാനും പ്രതിപക്ഷ നേതാക്കൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. രാജ്യത്തിനുവേണ്ടിയുള്ള പ്രതിപക്ഷ കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രക്രിയയാണിതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
കഴിയുന്നത്ര പാർട്ടികളെ അണിനിരത്തി ഒന്നിച്ചു പ്രവർത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിതീഷ് കുമാർ പറഞ്ഞു. വൈകാതെ പ്രതിപക്ഷ നേതൃയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യശിൽപി നിതീഷായിരിക്കുമെന്നാണ് ജനതദൾ-യുവിന്റെ ട്വിറ്റർ സന്ദേശം.