രാഹുലിനെ വിമർശിക്കുന്ന ബ്രിട്ടാസ് മോദിയെ വിമർശിക്കുന്നില്ല, ഇതൊരു പാലം പ്രവൃത്തിയുടെ ഭാഗമാണ് -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsഎൻ.കെ. പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളന സമയത്ത് വിദേശയാത്രപോയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച ജോൺ ബ്രിട്ടാസ് എം.പിക്ക് മറുപടിയുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി രംഗത്ത്. തൊഴിലുറപ്പ് ഭേദഗതി ബില്ല് അവതരിപ്പിക്കുന്ന വേളയിൽ എതിർത്ത് സംസാരിക്കാൻ ഒരു സി.പി.എം പ്രതിനിധിയേയും കണ്ടില്ലെന്നും പ്രധാനമന്ത്രി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാത്തിനെ കുറിച്ച് ഒരിടത്തും സംസാരിക്കാൻ ബ്രിട്ടാസ് തയാറാകുന്നില്ലെന്നും പ്രേമചന്ദ്രൻ തുറന്നടിച്ചു. രാഹുൽ ഗാന്ധിയെ എങ്ങനെ അപകീർത്തിപ്പെടുത്താമെന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സി.പി.എം. ഇൻഡ്യ മുന്നണിയിലെ ഒരു പാർട്ടിയായിട്ടും പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഈ നിയമങ്ങൾ അവതരിപ്പിക്കുന്ന വേളയിൽ എതിർത്ത് സംസാരിക്കാൻ ഒരു സി.പി.എം പ്രതിനിധിയേയും കണ്ടില്ലല്ലോ. ജോൺ ബ്രിട്ടാസിനെ മുൻനിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എങ്ങനെ അപകീർത്തിപ്പെടുത്താമെന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സി.പി.എം. മൂന്നോ നാലേ ദിവസം രാഹുൽ ഗാന്ധി രാജ്യത്തില്ലാത്തതിന്, നിരന്തരം പത്രസമ്മേളനം നടത്തുന്ന ജോൺ ബ്രിട്ടാസ് എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാത്തിനെ കുറിച്ച് സഭയിലോ പുറത്തോ പരാമർശം നടത്താത്തത്? വന്ദേമാതരം ചർച്ചയായ ദിവസം, സമ്മേളനം തുടങ്ങിയ ദിവസം പാർലമെന്‍റിൽ വന്ന് രണ്ട് മിനിറ്റുനേരം ഇരുന്ന് പ്രധാനമന്ത്രി പോയി. ഇപ്പോൾ സഭ അവസാനിച്ചപ്പോൾ വന്ദേമാതരം പാടാൻ വന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു പരിപാടിക്ക് മൂന്നോ നാലോ ദിവസം പ്രതിപക്ഷ നേതാവ് വിദേശത്തു പോകുന്നത് വലിയ പാതകമാണോ? ഇതിനു മുമ്പ് നടക്കാത്ത സംഭവമാണോ ഇത്?
കോൺഗ്രസിനെയും യു.ഡി.എഫിനെയും അപകീർത്തിപ്പെടുത്തി എന്തെങ്കിലും നേടാൻ കഴിയുമോ എന്ന ഗവേഷണത്തിലാണ് സി.പി.എം. ഇൻഡ്യ മുന്നണിയിലെ ഒരു പാർട്ടിയായിട്ടും പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. പി.എം ശ്രീ ഉൾപ്പെടെയുള്ള പദ്ധതികൾ കേരളത്തിൽ എത്തിക്കാനുള്ള പാലമായത് ബ്രിട്ടാസാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. ബി.ജെ.പിയെ സഹായിക്കാൻ പ്രതിപക്ഷ നേതാവിനെ വിമർശിക്കുകയാണ് സി.പി.എം നേതാക്കൾ. ബി.ജെ.പിക്കു പോലുമില്ലാത്ത ആക്ഷേപമാണ് സി.പി.എമ്മിന്. ഇതൊരു പാലം പ്രവൃത്തിയുടെ ഭാഗമാണ്. പ്രതിപക്ഷ നേതാവില്ലെങ്കിലും തൊഴിലുറപ്പ് നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്” -പ്രേമചന്ദ്രൻ പറഞ്ഞു.
നേരത്തെ, ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കുമ്പോൾ ജർമനിയിൽ ബൈക്ക് ഓടിച്ച് നടക്കുന്ന രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലായ്മയാണെന്ന് ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇതുപോലുള്ള ജനവിരുദ്ധ ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ അതിന് മുന്നിൽ നിന്ന് പോരാട്ടം നയിക്കേണ്ടയാളല്ലേ പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച ബ്രിട്ടാസ്, രാജ്യത്തിന് ഒരു ഫുൾടൈം പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്നും പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോൺ ബ്രിട്ടാസ് എം.പിയുടെ വിമർശനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബി-ജി റാം ജി' എന്നാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ രാജ്യസഭ കഴിഞ്ഞ ദിവസം രാത്രിയിൽ പാസാക്കിയിരുന്നു.
ഇത്രയും പ്രധാനപ്പെട്ട സംഭവികാസങ്ങൾ പാർലമെന്റിൽ നടക്കുമ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നൽകണം എന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് രണ്ട് അഭിപ്രായമില്ല. ഉത്തരേന്ത്യയിലെ പല കോൺഗ്രസുകാരും ചോദിച്ചു. എവിടെയാണ് മൂപ്പര് പോയിരിക്കുന്നതെന്ന്. രാവും പകലും ആളുകൾ ബില്ലിനെതിരേ പ്രതിഷേധിക്കുമ്പോൾ അദ്ദേഹം ബി.എം.ഡബ്ല്യുവിന്റെ മോട്ടോർബൈക്കും കാറും പരിശോധിക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ ഈ കമ്പനി പൂട്ടിപ്പോകില്ലല്ലോ. ഇന്ത്യയിലുള്ള കമ്പനി അല്ലല്ലോ പെട്ടെന്ന് പൂട്ടിപ്പോകാൻ. അല്ലെങ്കിൽ ഇവിടെയും ഉണ്ടല്ലോ ബി.എം.ഡബ്ല്യു കാർ. പാർലമെന്റിൽ കൊണ്ടുവന്ന് ചുറ്റും ഒരു റൌണ്ട് ഓടിച്ചാൽ പോരേ, ബ്രിട്ടാസ് ചോദിച്ചു.
തൊപ്പിയിൽനിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് പല നിയമനിർമ്മാണങ്ങളും കേന്ദ്രം കൊണ്ടുവരുന്നത്. കൂടിയാലോചനയോ ചർച്ചകളോ ഇല്ലാതെ ബില്ലുകൾ പാസാക്കുന്നുവെന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അറിയാം. കുടിലതന്ത്രവുമായി ബിജെപി വരുമെന്ന് അറിയില്ലേയെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.


