പാകിസ്താനിൽ ആരുമില്ല, 35 വർഷമായി ഇന്ത്യയിലാണ്, ഇനി എങ്ങോട്ട് പോകാനാണ്...? -ശാരദ ബായി ചോദിക്കുന്നു
text_fieldsന്യൂഡൽഹി: ഉടൻ പാകിസ്താനിലേക്ക് പോകണമെന്ന അധികൃതരുടെ നിർദേശത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് ഒഡീഷയിലെ ശാരദ ബായി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒഡീഷയിലെ ബലാൻഗീറിലേക്ക് ശാരദ ബായി വിവാഹം കഴിച്ചെത്തുകയായിരുന്നു. മഹേഷ് കുക്രേജയാണ് ഭർത്താവ്. ഒരു മകനും മകളുമുണ്ട്. ഇവർക്കെല്ലാം ഇന്ത്യൻ പൗരത്വമുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാ പ്രധാന രേഖകളും കൈവശം ഉണ്ടെങ്കിലും ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഇതാണ് ശാരദ ബായിക്ക് ഇപ്പോൾ വിനയായത്.
മൂന്ന് പതിറ്റാണ്ടിലേറെയായി താൻ താമസിക്കുന്ന ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാണ് അവർ കൂപ്പുകൈകളോടെ അധികൃതരോട് അഭ്യർത്ഥിക്കുന്നത്. ‘എനിക്ക് പാകിസ്ഥാനിൽ ആരുമില്ല... എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്ന് ഞാൻ കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു. എനിക്ക് രണ്ട് മുതിർന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്... എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം...’ -ശാരദ പറയുന്നു.
മൂന്നുദിവസത്തിനിടെ അട്ടാരി-വാഗ അതിർത്തി വഴി ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമടക്കം 509 പാക് പൗരന്മാരാണ് മടങ്ങിയത്. 12 വിഭാഗം ഹ്രസ്വകാല വിസകളിൽ രാജ്യത്ത് കഴിയുന്നവർക്ക് അതിർത്തി കടക്കാനുള്ള അവസാന ദിനമായിരുന്നു ഞായറാഴ്ച. കൂടുതൽ ആളുകളെത്തിയതോടെ അട്ടാരി അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. വേദന നിറഞ്ഞ വിടപറയലുകളുടെ വൈകാരിക മുഹൂർത്തങ്ങൾക്കും അതിർത്തി സാക്ഷിയായി. പലരും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അതിർത്തിയിലെത്തിച്ച് പറഞ്ഞയക്കവെ വിങ്ങിപ്പൊട്ടി.
ഇതിനിടെ, 14 ഇന്ത്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 745 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി മടങ്ങിയെത്തി. ഏപ്രിൽ 25ന് 191 പാകിസ്താൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടതായും ഏപ്രിൽ 26ന് 81 പേർ കൂടി രാജ്യം വിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 25ന് 287 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തി. ഏപ്രിൽ 26ന് 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 342 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് എത്തി. വ്യോമമാർഗം അതിർത്തി കടന്നവരുടെ വിവരങ്ങൾ ലഭ്യമാവേണ്ടതുണ്ട്.