നോയിഡ വിമാനത്താവളം; വിമാനസർവിസുകൾ ജൂൺ 15 മുതൽ, ആദ്യ സർവിസ് നടത്തുക ഇൻഡിഗോ
text_fieldsന്യൂഡൽഹി: നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പൂർണമായും പ്രവർത്തനസജ്ജമാകും. ഇൻഡിഗോയുടെ വിമാനമാണ് ആദ്യം സർവിസ് നടത്തുക. വ്യാഴാഴ്ച വൈകിട്ട് മുതൽ ഇൻഡിഗോയുടെ നോയിഡ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകൾ ആരംഭിക്കും.
വിമാനത്താവളത്തിന്റെ കോഡും ഡി.എക്സ്.എന്നും ഇൻഡിഗോയുടെ ടിക്കറ്റ് ബുക്കിങ് സിസ്റ്റത്തിൽ പ്രത്യക്ഷപ്പെട്ടു. ലഖ്നോ, നോയിഡ വിമാനത്താവളത്താവളങ്ങളെ കണക്ട് ചെയ്താണ് ആദ്യ കൊമേഴ്സ്യൽ വിമാന സർവിസ് നടത്തുകയെന്നാണ് വിവരം. ആദ്യ ഇൻഡിഗോ വിമാനം ലഖ്നോവിൽനിന്ന് ജൂൺ 15ന് നോയിഡ വിമാനത്താവളത്തിലെത്തും.
ജെവാർ വിമാനത്താവളം എന്നും വിളിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ ഇൻഡിഗോ ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ബുക്കിങ് പൂർണമായും സജീവമാകുന്നതോടെയാണ് നോയിഡ വിമാനത്താളത്തിൽനിന്നുള്ള ഷെഡ്യൂളൂകൾ പ്രഖ്യാപിക്കുക.
ജൂൺ 15 ന് ലഖ്‌നോ-നോയിഡ-ബെംഗളൂരു-നോയിഡ-ലഖ്നോ റൂട്ടിൽ 6E 2278, 6E 2279 എന്നീ വിമാനങ്ങൾ ഉദ്ഘാടന സർവിസുകൾ നടത്തും. അതിനുശേഷം ആകാശ എയറും എയർ ഇന്ത്യയും സർവിസ് ആരംഭിക്കും. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം മാർച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.


