Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ജെ.പി സമരത്തിൽ...

സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ്: എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് സസ്പെൻഷൻ

text_fields
bookmark_border
സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ്: എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് സസ്പെൻഷൻ
cancel

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയോട് അഞ്ചുലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട യു.പിയിലെ ഗ്രേറ്റർ നോയ്ഡ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് എതിരെ പ്രതികാര നടപടി അരുതെന്ന് തങ്ങൾ പറഞ്ഞിട്ടും സമരക്കാരനായ വിദ്യാർഥിയോട് അഞ്ചുലക്ഷം രൂപയുടെ ബോണ്ട് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് സുപ്രീംകോടതി ബുധനാഴ്ച ആരാഞ്ഞിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിക്കാൻ ഒരു മജിസ്ട്രേറ്റിനും അധികാരമില്ലെന്നും അയച്ച നോട്ടീസ് സുപ്രീംകോടതിയിൽ രേഖയായി സമർപ്പിക്കാൻ വിദ്യാർഥിയുടെ അഭിഭാഷകന് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ പരിഗണിക്കുന്നതിനിടെ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് ഈ വിഷയം വീണ്ടും പരാമർശിച്ചപ്പോൾ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അക്ഷത് ത്രിപാഠിക്കാണ് ഭാരതീയ ന്യായ സംഹിത 130ാം വകുപ്പ് പ്രകാരം ഗ്രേറ്റർ നോയ്ഡ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ബോണ്ട് സമർപ്പിക്കാൻ നോട്ടീസ് അയച്ചത്.

ഈ വിദ്യാർഥി സർവകലാശാല വിദ്യാർഥികൾക്കിടയിൽ സർക്കാർ വിരുദ്ധ സംസാരങ്ങൾ പ്രചരിപ്പിക്കുകയും ജന്തർമന്തറിലെ സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും നോട്ടീസിൽ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ സജീവമായി പങ്കടുത്ത 14 വയസ്സുകാരി നിഷു ആസാദിന് നേരെയുണ്ടായ ബലാത്സംഗ ഭീഷണിയിലും വീടിനുനേരെയുണ്ടായ കല്ലേറിലും സുപ്രീംകോടതി ആശങ്ക അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഭീഷണി നേരിടുന്നു എന്ന വിഷയം നിസ്സാരമായി കാണാനാകില്ലെന്നും ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്ന ഇരയെയോ കുടുംബത്തെയോ ഭയപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസിലെ നിലവിലെ അവസ്ഥ, നിഷുവിനും കുടുംബത്തിനും നൽകിയ സുരക്ഷാ ക്രമീകരണങ്ങൾ, ആക്രമണത്തിലും ഭീഷണിപ്പെടുത്തലിലും പങ്കാളികളായവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച് ഉത്തർപ്രദേശ്, ഡൽഹി സർക്കാറുകളോട് ബെഞ്ച് റിപ്പോർട്ട് തേടി. നിഷു ആസാദിന്റെ പിതാവിന്റെ തലയോട്ടി തകർത്ത ഹിന്ദുത്വ ഇൻഫ്ലുവൻസറെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്.

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷക ടി. ഭല്ലയാണ് നിഷു ആസാദിന്റെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആക്രമണം നടത്തിയവർക്കൊപ്പം നാല് പൊലീസുകാരുണ്ടായിരുന്നതായി വിഡിയോയിലുണ്ടെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരെ ആക്രമണം നടത്തുന്ന സാമൂഹികവിരുദ്ധർ സ്വതന്ത്രരായി വിഹരിക്കുന്നതും കുട്ടിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതും ഗൗരവമുള്ള വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എന്നാൽ, പെൺകുട്ടി സമൂഹ മാധ്യമത്തിൽ സജീവമാണെന്നും ദിവസവും അഞ്ചുതവണ സമൂഹ മാധ്യമം ഉപയോഗിക്കുന്ന ഒരാളെ ‘സുരക്ഷിതരല്ലാത്ത ഇര’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.

Show Full Article
TAGS:CJP Protest CJP Party Supreme Court 
News Summary - Notice to the student who participated in the CJP protest: Executive Magistrate suspended
Next Story