എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ. പനീർ ശെൽവം ഡി.എം.കെയിൽ ചേർന്നു
text_fieldsചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ. പനീർ ശെൽവം ഡി.എം.കെയിൽ ചേർന്നു. രാവിലെ 9 മണിയോടെ പനീർ ശെൽവം തന്റെ എം.എൽ.എ സ്ഥാനം രാജിവച്ച് ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പ്രശംസിക്കുകയും ഡി.എം.കെ സർക്കാർ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ നിലവിൽ വരുമെന്ന് പ്രവചനങ്ങൾ പുറത്തു വരികയും ചെയ്തതിനു പിന്നാലെ ഈ മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നു.
പനീർ ശെൽവം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ക്യാമ്പിലുണ്ടായിരുന്ന എം.എൽ.എ പി.അയ്യപ്പൻ സ്റ്റാലിനെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിലേക്ക് ഈ വർഷം പകുതിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിലൂടെയുള്ള പാർട്ടി പ്രവേശനം തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന്‍റെ സാധ്യതകൾ തുറക്കുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 133 സീറ്റുകളാണ് ഡി.എം.കെ നേടിയത്.


