ഫൈനൽ തേടി ഒഡിഷ-നോർത്ത് ഈസ്റ്റ് പെരുന്നാൾ പോര്
text_fieldsമഞ്ചേരി: സൂപ്പർ കപ്പിന്റെ കലാശപ്പോരിലേക്ക് യോഗ്യത തേടി രണ്ടാം സെമിയിൽ ഒഡിഷ എഫ്.സി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. പെരുന്നാൾ ദിനത്തിൽ രാത്രി ഏഴിന് പയ്യനാട് സ്റ്റേഡിയത്തിലാണ് പോരാട്ടം. സ്റ്റേഡിയത്തിലെ ടൂർണമെന്റിലെ അവസാന മത്സരം കൂടിയാണിത്. യോഗ്യത മത്സരങ്ങളടക്കം 19 കളികൾക്കാണ് സ്പോർട്സ് കോപ്ലക്സ് മൈതാനം വേദിയായത്.
ബി ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ഒഡിഷയുടെ വരവ്. ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ ഹൈദരബാദ് എഫ്.സിയെ അവസാന മത്സരത്തിൽ മറികടന്നാണ് ഒഡിഷ സെമിയിലേക്ക് യോഗ്യത നേടിയത്. 2-1നായിരുന്നു വിജയം. ഐസോൾ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചും ഈസ്റ്റ് ബംഗാളിനെ 1-1ന് സമനിലയിൽ പിടിച്ചും ഏഴ് പോയന്റ് നേടിയാണ് ഗ്രൂപ്പിൽ ഒന്നാമതായത്. ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഡിയഗോ മൗറീഷ്യോ തന്നെയാണ് ഒഡിഷയുടെ വജ്രായുധം. ഗോളടിക്കാനും ഗോളടിപ്പിക്കാനും മികവുള്ള താരം. രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഐ.എസ്.എല്ലിലെ ഫോം സൂപ്പർ കപ്പിലും താരം തുടരുന്നുണ്ട്. ഗോൾ ബാറിന് കീഴിൽ കൈവിരിച്ച് അമരീന്ദർ സിങ് ഉണ്ടാകും. മുന്നേറ്റത്തിൽ നന്ദകുമാറും ജെറിയും മൗറിഷ്യോക്ക് കൂട്ടാകും.
ഒഡിഷക്ക് ഒത്ത എതിരാളികൾ തന്നെയാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഐ.എസ്.എല്ലിലെ അവസാന സ്ഥാനക്കാരാണെങ്കിലും സൂപ്പർ കപ്പിൽ മിന്നും പ്രകടനമാണ് നടത്തിയത്. ഐ.എസ്.എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി, മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി, ചർച്ചിൽ ബ്രദേഴ്സ് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽനിന്ന് ആറ് പോയന്റ് നേടിയാണ് നോർത്ത് ഈസ്റ്റ് മുന്നിലെത്തിയത്. ആദ്യ മത്സരത്തിൽ ചെന്നൈയോട് 4-2ന് പരാജയപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരത്തിലും വിജയിച്ചാണ് അവസാന നാലിൽ ഇടംപിടിച്ചത്. മുബൈ സിറ്റിയെ 2-1ന് പരാജയപ്പെടുത്തിയപ്പോൾ ചർച്ചിലിനെ ആറ് ഗോളിന് മുക്കി വിജയക്കൊടി പാറിച്ചു. ക്യാപ്റ്റൻ വിൽമർ ജോർദാൻ തന്നെയാണ് ടീമിന്റെ കുന്തമുന. ആറ് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയാണ് വിൽമർ. അവസാന മത്സരത്തിലാണ് നാല് ഗോളും അടിച്ച് കൂട്ടിയത്. മലയാളി താരങ്ങളായ എം.എസ്. ജിതിൻ, അലക്സ് സജി, മുഹമ്മദ് ഇർഷാദ്, എമിൽ ബൈന്നി, ഗനി അഹ്മദ് നിഗം എന്നിവരും ഗോൾ ബാറിന് കീഴിലെ മലയാളി താരം മിർഷാദും ടീമിന് കരുത്ത് പകരും. മത്സരത്തിന് മുന്നോടിയായി ഒഡിഷ എഫ്.സി കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും പരിശീലനം നടത്തി.