'20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും ഓഫർ ചെയ്തു'; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഒമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷനൽ കോൺഫറൻസ് (എൻ.സി) എം.എൽ.എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആരോപിച്ചു. പാർട്ടിയിൽ പിളർപ്പ് സൃഷ്ടിച്ച് ജനവിധിയെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ഹസ്രത്‌ബാലിൽ തന്റെ മുത്തശ്ശി ബേഗം അക്ബർ ജഹാന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷനൽ കോൺഫറൻസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഒമർ അബ്ദുല്ല, ആദ്യം പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെങ്കിലും അത് ഫലിക്കാതായപ്പോൾ ഇപ്പോൾ "ഞങ്ങളോടൊപ്പം വന്നാൽ ജമ്മു-കശ്മീരിന് സംസ്ഥാന പദവി (സ്റ്റേറ്റ്ഹുഡ്) തിരികെ നൽകാം" എന്ന വാഗ്ദാനമാണ് എം.എൽ.എമാർക്ക് നൽകുന്നതെന്ന് പറഞ്ഞു.
ജമ്മു മേഖലയിലെ ഒരു നാഷനൽ കോൺഫറൻസ് എം.എൽ.എ തന്നെ നേരിട്ട് സമീപിച്ച് വിവരം പങ്കുവെച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയിലെ ഒരു ഭാരവാഹിയും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ ഒരാൾ 20 മുതൽ 30 കോടി രൂപയും ഒപ്പം മന്ത്രിസ്ഥാനവും കൂടാതെ സംസ്ഥാന പദവി തിരികെ നൽകുമെന്ന ഉറപ്പും വാഗ്ദാനം ചെയ്ത് പിന്തുണ തേടിയെന്നാണ് ആ എം.എൽ.എ അറിയിച്ചതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.
"ജനങ്ങളുടെ വിശ്വാസം പണംകൊണ്ട് വാങ്ങാനാകുമെന്ന് അവർ കരുതുകയാണ്. എന്നാൽ നമ്മുടെ എം.എൽ.എമാർ അങ്ങനെയല്ല," അദ്ദേഹം പറഞ്ഞു. നാഷനൽ കോൺഫറൻസിലെ ഒരു എം.എൽ.എ പോലും പണത്തിനുവേണ്ടി സ്വന്തം രാഷ്ട്രീയ വിശ്വാസമോ ആത്മാഭിമാനമോ വിറ്റഴിക്കില്ലെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി. "20 കോടി രൂപക്കോ 100 കോടി രൂപക്കോ നമ്മുടെ എം.എൽ.എമാരിൽ ആരും സ്വന്തം സത്യസന്ധത വിട്ടുകൊടുക്കില്ല. ജനങ്ങളോടും ദൈവത്തോടുമാണ് ഞങ്ങൾ ഉത്തരവാദികൾ," അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീരിൽ ബി.ജെ.പിക്ക് "പിൻവാതിലിലൂടെ" അധികാരത്തിലെത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജനവിധിയെ മറികടന്ന് അധികാരം പിടിക്കാനുള്ള ഏതൊരു ശ്രമവും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "പിൻവാതിലിലൂടെ കയറി മുൻവാതിലിലെ കസേരയിലെത്താമെന്ന് ബി.ജെ.പി കരുതേണ്ട. ജനങ്ങൾ നിങ്ങളെ പിന്നിലാക്കിയിട്ടുണ്ട്. ആ ജനവിധിയെ ബഹുമാനിക്കേണ്ടതുണ്ട്," ഒമർ അബ്ദുല്ല പറഞ്ഞു. അതേസമയം, ഒമർ അബ്ദുല്ലയുടെ ആരോപണങ്ങളോട് ബി.ജെ.പി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


