`ഭരിക്കാന്‍ അനുവദിക്കില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ രൂപവത്കരിച്ചത്'; ജമ്മു-കശ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവർത്തിച്ച് ഉമർ അബ്ദുല്ല
text_fieldsജമ്മു: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. തങ്ങളുടെ ക്ഷമയെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന പദവി തിരികെ നൽകുന്നതിനായി വ്യക്തമായൊരു സമയക്രമം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് അധികാരത്തിലേറി ഒന്നര വർഷമായിട്ടും ജന്തർ മന്തറിൽ പ്രതിഷേധം നടത്തേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായെന്ന് കേന്ദ്ര സർക്കാർ സ്വയം ചോദിക്കണമെന്ന് ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.
തന്റെ മുത്തശ്ശി ബീഗം അക്ബർ ജഹാനയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഹസ്രത്ബാലിലെ അവരുടെ മഖ്ബറയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ജനങ്ങളുമായി അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയാറാണെങ്കിൽ എന്തുകൊണ്ട് ജമ്മു കശ്മീരിലെ ജനങ്ങളോട് ചർച്ചക്ക് തയാറാകുന്നില്ല. ജമ്മു കശ്മീരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തങ്ങളെ വിജയിപ്പിച്ചത് അവർക്ക് ലഭിച്ച ശിക്ഷയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. `സർക്കാറിനെ ഭരിക്കാന്‍ അനുവദിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ രൂപവത്കരിച്ചത്? തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
`ഞങ്ങളുടെ ക്ഷമയെയും മാന്യതയെയും നിങ്ങൾ പരിഹാസമാക്കിയിരിക്കുകയാണ്. ഇവിടെ ഒരു തീപ്പൊരി പടർത്താനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളുടെ കൈകൾ കെട്ടിയിടാനായിരുന്നു ഉദ്ദേശ്യമെങ്കിൽ അത് നേരത്തെ പറയണമായിരുന്നു. നമ്മുടെ തീരുമാനങ്ങൾ നടപ്പാക്കാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥരെയാണ് നിങ്ങൾ നൽകിയിരിക്കുന്നത്. എന്നിട്ടും ജനങ്ങൾക്കായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങളുടെ ക്ഷമ കൊണ്ടാണ്' അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തെ ഓർത്ത് പറയൂ, ഈ അനുയോജ്യമായ സമയം എപ്പോഴാണ് വരിക? അതിനായി ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത്.
അനുയോജ്യമായ സമയം എന്നാൽ ജമ്മു കശ്മീരിൽ ബി.ജെ.പി അധികാരത്തിൽ വരുന്ന സമയമാണോ, അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കൂ അദ്ദേഹം വെല്ലുവിളിച്ചു. അതേ സമയം സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇനിയും എത്ര തെരഞ്ഞെടുപ്പുകൾ നേരിടണമെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനപങ്കാളിത്തം ചൂണ്ടിക്കാണിച്ച് അദ്ദേഹം ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പിനായുള്ള ഉചിതമായ സമയം തീരുമാനിക്കുന്നത് ജമ്മു കശ്മീർ സർക്കാറായിരിക്കുമെന്നാണ് ഉമർ അബ്ദുല്ല വ്യക്തമാക്കിയത്.


