മണിപ്പൂരിൽ 48 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്- ബി.ജെ.പിക്കെതിരെ ജയറാം രമേശ്
text_fieldsന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജയറാം രമേശ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര മന്ത്രിമാരെല്ലാം സംസ്ഥാനത്ത് വന്നുപോയി. എന്നാൽ ആരും ഇവിടുത്തെ വാക്സിനേഷന്‍ യജ്ഞം വർധിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ജനസംഖ്യയുടെ 48 ശതമാനം പേർക്ക് മാത്രമേ രണ്ടുഡോസ് കോവിഡ് വാക്സിൻ ലഭിച്ചിട്ടുള്ളൂവെന്നും ജയറാം രമേശ് ആരോപിച്ചു. മണിപ്പൂരിലെ ബി.ജെ.പിയുടെ 'ഇരട്ട എഞ്ചിൻ' സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇതാണ് ഇവർ കൊട്ടിഘോഷിക്കുന്ന സർക്കാറിന്‍റെ യാഥാർത്ഥ്യമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ രണ്ട്ഘട്ട നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 28 നും മാർച്ച് 5 നുമാണ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.


