ഗ്യാനേഷ് കുമാറിനെ നീക്കാൻ പുതിയ നോട്ടീസുമായി പ്രതിപക്ഷം
text_fieldsഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഇംപീച്ച്മെന്റ് പ്രമേയ അവതരണ നോട്ടീസുമായി വീണ്ടും പ്രതിപക്ഷം. ആദ്യ നോട്ടീസ് കഴിഞ്ഞയാഴ്ച രാജ്യസഭ, ലോക്സഭ സെക്രട്ടറിമാർ തള്ളിയതിന് പിന്നാലെയാണ് രാജ്യസഭയിൽ വെള്ളിയാഴ്ച 73 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് നൽകിയത്. കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, തൃണമൂൽ കോൺഗ്രസിന്റെ സാഗരിക ഘോഷ് എന്നിവരുൾപ്പെടെ 11 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ ഒപ്പിട്ട നോട്ടീസിൽ ഒമ്പത് കുറ്റങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിച്ചത്.
നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നടക്കം കുറ്റപ്പെടുത്തി ഏഴ് ആരോപണങ്ങളാണ് രാജ്യസഭയിൽ 63 അംഗങ്ങളും ലോക്സഭയിൽ 130 അംഗങ്ങളും ഒപ്പിട്ട ആദ്യ നോട്ടീസിൽ ഉന്നയിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിലും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കാൻ സാധിക്കൂ. രാജ്യസഭയിൽ ഇതിന് പ്രമേയം അവതരിപ്പിക്കാൻ 50 എം.പിമാരുടെയും ലോക്‌സഭയിൽ 100 എം.പിമാരുടെയും ഒപ്പുവേണം. രണ്ട് സഭകളും പ്രമേയം അംഗീകരിച്ചാൽ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും സംയുക്തമായാണ് അന്വേഷണ സമിതി രൂപവത്കരിക്കേണ്ടത്.


