Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുത്തൽ പോരാ, രാജി...

തിരുത്തൽ പോരാ, രാജി വേണം; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

text_fields
bookmark_border
തിരുത്തൽ പോരാ, രാജി വേണം; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
cancel

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ) നടപടികളിലെ ക്രമക്കേടുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികളും ബഹുജന പ്രസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിക്കുന്നു.

എസ്.ഐ.ആറിൽ ഉയർന്ന ആരോപണങ്ങളിൽ ശനിയാഴ്ച അടിയന്തര യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചില തിരുത്തൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒക്ടോബർ രണ്ടിന് പാറ്റ പാർട്ടി (സി.ജെ.പി) സമരത്തിനിറങ്ങും. പാറ്റകളുടെ പ്രതിഷേധത്തിന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുകയോ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയോ വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നും സമിതി യോഗങ്ങളിൽ അജണ്ടകളോ മിനിറ്റ്സോ സൂക്ഷിച്ചില്ലെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ പറഞ്ഞു.

ഇലക്ട്രോണിക് ഡേറ്റാബേസിന്റെ നിയന്ത്രണം ഡൽഹിയിലേക്ക് കേന്ദ്രീകരിച്ചതും ഫോം ആറിൽ നടത്തിയ അനധികൃത മാറ്റങ്ങളും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ ‘ഇ.സി.ഐ നെറ്റ്’ നിയന്ത്രിച്ച ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും കഴിഞ്ഞ 10 മാസമായി നടന്ന തെരഞ്ഞെടുപ്പുകളുടെ നിയമസാധുത സുപ്രീംകോടതി സ്വമേധയാ പരിശോധിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും കമീഷന്റെ ഭരണഘടനാ വിരുദ്ധമായ നടപടികളിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രമുഖ വ്യക്തികളും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന 2000 പൗരന്മാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. റദ്ദാക്കപ്പെട്ട അർഹരായ വോട്ടർമാരുടെ പേരുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും ഇ.സി.ഐ നെറ്റ് സിസ്റ്റത്തിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഇടത് പാർട്ടികളും കർഷക-തൊഴിലാളി സംഘടനകളും യൂത്ത് കോൺഗ്രസും വിവിധയിടങ്ങളിൽ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിന്റെ വസതിക്ക് മുന്നിൽ ശനിയാഴ്ച രാത്രി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിലിൽ പോസ്റ്റർ പതിച്ചു.

അതിനിടെ, ഗ്യാനേഷ് കുമാറിന് പിന്തുണയുമായി ഹിന്ദുത്വ സംഘടന ഡൽഹിയിൽ ഞായറാഴ്ച മാർച്ച് നടത്തി. വൈശ്യ സമാജിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും എതിരായി മുദ്രാവാക്യം വിളിച്ചു.

Show Full Article
TAGS:Gyanesh Kumar Opposition Protest Election Commission of India SIR 
News Summary - Opposition to step up protests against Gyanesh Kumar
Next Story