രാമക്ഷേത്ര സംഭാവന തട്ടിപ്പ്: '150 പേരിൽ എട്ടുപേരല്ലേ പ്രതികളായിട്ടുള്ളു?'; ട്രസ്റ്റിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിൽ സംഭാവന എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരിൽ എട്ടുപേർ മാത്രമാണ് തിരിമറിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും, ഏതാനും ചിലർ ചെയ്ത തെറ്റിന്റെ പേരിൽ മുഴുവൻ ട്രസ്റ്റിനെയും അയോധ്യയെയും അപകീർത്തിപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രാകൂടത്തിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭാവന എണ്ണുന്നതിനിടെ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രസ്റ്റ് അധികൃതർ സർക്കാറിനെ വിവരം അറിയിക്കുകയും ഉന്നതതല അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ചുമതലപ്പെടുത്തുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രസ്റ്റിന്റെ നിർദേശപ്രകാരം സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും, കുറ്റകൃത്യത്തിൽ പങ്കാളികളായ എട്ടുപേരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആറുപേർ നേരിട്ടും രണ്ടുപേർ ഗൂഢാലോചനയിലും ഉൾപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അതേസമയം, വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ശ്രമിക്കുകയാണെന്ന് യോഗി ആരോപിച്ചു. "ഇന്ത്യയുടെ വിശ്വാസത്തിന് നേരെയുള്ള കരാർ ഏറ്റെടുത്തതുപോലെയാണ് പാർട്ടികൾ പ്രവർത്തിക്കുന്നത്. ചരിത്രപരമായി അയോധ്യയെ എതിർത്തവർ ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയാണ്," അദ്ദേഹം കുറ്റപ്പെടുത്തി.
രാമസേതു കേസിൽ ശ്രീരാമനെ സാങ്കൽപ്പിക കഥാപാത്രമായി ചിത്രീകരിച്ച കോൺഗ്രസിന്റെ മുൻകാല നിലപാടിനെയും, രാമഭക്തർക്കു നേരെ വെടിയുതിർത്ത സമാജ്‌വാദി പാർട്ടിയുടെ ചരിത്രത്തെയും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അയോധ്യ, ചിത്രാകൂടം, മഥുര തുടങ്ങിയ പുണ്യസ്ഥലങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള ധാർമിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എസ്.പി സർക്കാർ മതപരമായ കേന്ദ്രങ്ങളുടെ വികസനത്തിന് പണം ചെലവഴിക്കുന്നതിന് പകരം ശ്മശാനങ്ങളുടെ സംരക്ഷണ ഭിത്തികൾ നിർമ്മിക്കാനാണ് മുൻഗണന നൽകിയതെന്ന് യോഗി ആരോപിച്ചു. വഖഫ് ഭൂമി കൈയേറ്റം പോലുള്ള വിഷയങ്ങളിലും പ്രതിപക്ഷം ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇവരുടെ ഇത്തരം പെരുമാറ്റം രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുകയാണെന്നും, ഓന്തിനെപ്പോലെ നിറം മാറുന്ന സ്വഭാവമാണ് പ്രതിപക്ഷത്തിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ ഇതിനോടകം തന്നെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്യുന്നുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എന്നാൽ ഇതിന്റെ മറവിൽ വിശ്വാസത്തെ തകർക്കാനുള്ള നീക്കങ്ങളിൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു.


