മഹാരാഷ്ട്രയിൽ ‘കിങ്മേക്കർ’ പ്രതീക്ഷയിൽ ഉവൈസി
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുള്ള മണ്ഡലങ്ങൾ ലക്ഷ്യമിട്ട് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി). 288 സീറ്റുകളുള്ള സംസ്ഥാനത്ത് ഇത്തവണ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 44 സീറ്റുകളിൽ മത്സരിച്ച് രണ്ട് സീറ്റ് നേടുകയും നാല് സീറ്റിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിന് പകരം മികച്ച പ്രകടനത്തിന് സാധ്യതയുള്ള സീറ്റുകൾ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ എം.പിയുമായ ഇംതിയാസ് ജലീൽ പറഞ്ഞു. മറാത്ത സംവരണസമരവും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടും അവരുടെ പ്രത്യയശാസ്ത്ര വൈരുധ്യവും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന മണ്ഡലങ്ങളാണ് മജ്ലിസ് തെരഞ്ഞെടുത്തതെന്ന് പറയുന്നു. അഞ്ചുമുതൽ ഏഴുവരെ സീറ്റുകളിൽ ജയിക്കാനാകുമെന്ന പ്രത്യാശയാണ് ഇംതിയാസ് പ്രകടിപ്പിക്കുന്നത്.
ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് വരുകയെന്നും അപ്പോൾ മജ്ലിസ് കിങ്മേക്കറാകുമെന്നും അദ്ദേഹം പറഞ്ഞും. ഔറംഗാബാദ് ഈസ്റ്റിൽ ജലീലും മത്സരിക്കുന്നുണ്ട്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശിവസേനയോട് ജയിച്ച ജലീൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശിവസേന രണ്ടായി പിളർന്നിട്ടും തോൽക്കുകയായിരുന്നു. 2019ൽ പ്രകാശ് അംബേദ്കറുമായി സഖ്യമായിരുന്നു.