വി.എസിനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കുന്നു. കൂടാതെ സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും സംഘ്പരിവാർ സൈദ്ധാന്തികനായ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകും. നടൻ ധർമേന്ദ്രക്കും (മരണാനന്തരം) പ്രമുഖ വയലിനിസ്റ്റ് എൻ. രാജത്തിനും പത്മവിഭൂഷൺ പ്രഖ്യാപിച്ചു.
നടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ ഭൂഷൺ ബഹുമതിക്ക് അർഹരായി. മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തരം), ഗായിക അൽക യാഗ്നിക്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോശിയാരി, ഡോ. കല്ലിപ്പട്ടി രാമസ്വാമി പളനി സ്വാമി, ഡോ.നോരി ദത്തത്രേയുദു, പരസ്യ രംഗത്തെ കുലപതി പിയുഷ് പാണ്ഡെ (മരണാനന്തരം), എസ്.കെ.എം മൈലാനന്ദൻ, ശതാവദാനി ആർ.ഗണേഷ്, ഉദയ് കൊടാക്, വി.കെ.മൽഹോത്ര (മരണാനന്തരം), വിജയ് അമൃതരാജ് എന്നിവർക്കും പത്മഭൂഷൺ സമ്മാനിക്കും.
കലാമണ്ഡലം വിമല മേനോൻ, ശാസ്ത്രജ്ഞൻ എ.ഇ. മുത്തുനായകം, സാമൂഹിക പ്രവർത്തനത്തിന് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകിയമ്മ തുടങ്ങിയവർ ഉൾപ്പെടെ 113പേർക്ക് പത്മശ്രീ സമ്മാനിക്കും. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ എന്നിവർക്കും പത്മശ്രീയുണ്ട്.
അഞ്ച് പത്മ ഭൂഷണും 13 പത്മ വിഭൂഷണും ഉൾപ്പെടെ 131 പത്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഏഴു മലയാളികൾക്ക് ജീവൻ രക്ഷാ പുരസ്കാരങ്ങൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച ജീവൻ രക്ഷാ പുരസ്കാരങ്ങൾ ഏഴു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് സമ്മാനിക്കും. സി. മുഹമ്മദ് ഷാമിൽ ഉത്തം ജീവാരക്ഷാ പതകിനും; ടി.ജെ ജയേഷ്, മാസ്റ്റർ കെ.പി ആകാശ്, മാസ്റ്റർ ഹർഷിക് മോഹൻ, മാസ്റ്റർ സി. ഋതുനാഥ്, മാസ്റ്റർ കെ.വൈശാഖ്, മാസ്റ്റർ സി യദുനന്ദ് എന്നിവർ ജീവൻരക്ഷാ പതകിനും അർഹരായി. ലക്ഷദീപ് സ്വദേശി പി.എൻ മുഹമ്മദ് ബാദുഷ ജീവൻരക്ഷാ പതക് പുരസ്കാരത്തിനും അർഹനായി.
പുരസ്‌കാര നേട്ടത്തിൽ സന്തോഷം- മമ്മൂട്ടി
തിരുവനന്തപുരം: പത്മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ സന്തോഷമെന്ന് നടൻ മമ്മൂട്ടി. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പുരസ്‌കാരങ്ങൾ എപ്പോഴും പ്രോത്സാഹനമാണെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു.
വി.എസിന് രാജ്യം തരുന്ന അംഗീകാരം വിലപ്പെട്ടതാണെന്ന് വി.എ. അരുൺകുമാർ
വി.എസ്. അച്യുതാനന്ദന് രാജ്യം തരുന്ന അംഗീകാരം വിലപ്പെട്ടതാണെന്ന് മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. അച്ഛന് അംഗീകാരം കിട്ടണമെന്ന് മകനെന്ന രീതിയിൽ ആഗ്രഹമുണ്ടായിരുന്നു. സ്വാന്ത്ര്യസമരത്തിൽനിന്ന് തുടങ്ങിയ പോരാട്ടം ജനങ്ങൾക്കുവേണ്ടിയായിരുന്നു. ഈ അംഗീകാരം കുടുംബത്തിനും വ്യക്തിപരമായും നൽകുന്ന സന്തോഷം ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


