കശ്മീരിൽ കുടുങ്ങിയത് നാല് എം.എൽ.എമാരും മൂന്ന് ഹൈകോടതി ജഡ്ജിമാരും ഉൾപ്പെടെ 258 മലയാളികൾ; തിരിച്ചെത്തിക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിൽ കുടുങ്ങി കിടക്കുന്നത് എം.എൽ.എമാരും ജഡ്ജിമാരും ഉൾപ്പെടെ നിരവധി മലയാളികൾ. നോർക്ക ഹെൽപ് ഡെസ്കിൽ 262 മലയാളികളാണ് കുടുങ്ങി കിടക്കുന്നതായി രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ നാലുപേർ നാട്ടിൽ തിരിച്ചെത്തി. 258 പേരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അജിത് കോളശേരി പറഞ്ഞു.
കശ്മീരിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള നാല് എം.എൽ.എമാരും മൂന്ന് ഹൈകോടതി ജഡ്ജിമാരും ഉൾപ്പെടും. കൊല്ലം എം.എൽ.എ മുകേഷ്, കൽപറ്റ എം.എൽ.എ ടി.സിദ്ദീഖ്, തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ്, നെയ്യാറ്റിങ്കര എം.എൽ.എ കെ.ആൻസലൻ എന്നിവരും ജഡ്ജിമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ, ജി.ഗിരീഷ് എന്നീ ജഡ്ജിമാരുമാണ് കുടുങ്ങിയത്. നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായി എം.എൽ.എമാർ കശ്മീരിലെത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നും നോർക്ക അറിയിച്ചു.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കശ്മീരില്‍ കുടുങ്ങിപോയവരിൽ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.
ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.