പഹൽഗാം ആക്രമണം: കർണാടക സ്വദേശികളുടെ കുടുംബത്തിന് 10 ലക്ഷം വീതം നൽകും
text_fieldsബംഗളൂരു: കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് 10 ലക്ഷം വീതം സഹായധനമായി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47), ബംഗളൂരു മത്തിക്കരെ സുന്ദർ നഗറിൽ താമസിക്കുന്ന ഹാവേരി റാണിബെന്നൂർ സ്വദേശി ഭരത് ഭൂഷൺ (41) എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.
ബംഗളൂരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവും (40) ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവി, ഭരത് ഭൂഷന്റെ ഭാര്യ സുജാത എന്നിവരുമായി ബുധനാഴ്ച മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് ആശ്വാസ വാക്കുകളേകിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാത്രിയോടെ ബംഗളൂരുവിലെത്തിക്കും.
മരിച്ച കർണാടക സ്വദേശികളുടെ എണ്ണം മൂന്നായി
ബംഗളൂരു: കശ്മീരിലെ പഹൽഗാം ബൈസാരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽനിന്നുള്ള യാത്രികരിൽ ഒരാൾകൂടി ഉൾപ്പെട്ടതായി വിവരം. ബംഗളൂരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവിന്റെ (40) മരണമാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47), ഹാവേരി റാണിബെന്നൂർ ദേവി നഗർ സ്വദേശിയും ബംഗളൂരു മത്തിക്കരെ സുന്ദർ നഗറിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ (41) എന്നിവർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.
മുൻ ഐ.ടി ജീവനക്കാരനായ ഭരത് ഭൂഷൺ ബംഗളൂരുവിൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സുജാതക്കും (37) മൂന്ന് വയസ്സുള്ള മകനുമൊത്ത് ഏപ്രിൽ 18നാണ് അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലേക്ക് പോയത്. ബുധനാഴ്ച രാത്രിയോടെ ഭരതിന്റെ മൃതദേഹം ബംഗളൂരുവിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിനുശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വൊക്കലിഗ ആചാരങ്ങളോടെ സംസ്കാരം നടത്തും. ഐ.ബി.എമ്മിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട മധുസൂദൻ റാവു. മറ്റു മൂന്നു കുടുംബങ്ങൾക്കൊപ്പമാണ് മധുസൂദനും ഭാര്യയും മകനും കശ്മീരിലേക്ക് പോയത്. ബൈസാരൻ താഴ്വരയിൽ ഒറ്റക്കിരിക്കവെയാണ് മധുസൂദന് വെടിയേറ്റത്. ഈ സമയം ഭാര്യയും കുഞ്ഞും ഭക്ഷണം വാങ്ങാൻ ക്യാമ്പിലേക്ക് പോയതായിരുന്നു.
മറ്റു മൂന്നു കുടുംബങ്ങൾ മധുസൂദന് അടുത്തുണ്ടായിരുന്നെങ്കിലും ഇവർ വെടിയേൽക്കാതെ രക്ഷപ്പെട്ടു. മധുസൂദന്റെ മൃതദേഹം ചെന്നൈയിലെത്തിച്ച് ആന്ധ്രയിലെ ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംസ്ഥാനത്തുനിന്ന് 40ലേറെ പേരാണ് കശ്മീരിലേക്ക് പോയതെന്നാണ് നിലവിലെ വിവരം. ഇവരെയെല്ലാം സുരക്ഷിതമായി കർണാടകയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം ക്രമീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ കന്നടിഗരെയും സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്നും ആരും വിഷമിക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാം. സുരക്ഷയും അടിയന്തര പിന്തുണയും ഉറപ്പാക്കാൻ കർണാടക ഉദ്യോഗസ്ഥർ ജമ്മു-കശ്മീർ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജമ്മു-കശ്മീരിലേക്ക് പോയ വിനോദസഞ്ചാരികളുടെ വിവരങ്ങൾ പങ്കുവെക്കാൻ സംസ്ഥാനത്തെ ടൂർ ഓപറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടകയിൽനിന്ന് പോയ വിനോദസഞ്ചാരികളുടെ ബന്ധുക്കളും പരിചയക്കാരും 080-43344334, 080-43344335, 080-43344336, 080-43344342 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ അവരുടെ വിവരങ്ങൾ പങ്കുവെക്കണമെന്നും അഭ്യർഥിച്ചു. ഭീകരാക്രമണ സംഭവം അറിഞ്ഞതിനു പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകീട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു. രണ്ടു ദൗത്യ സംഘങ്ങളെ കശ്മീരിലേക്ക് കർണാടക സർക്കാർ നിയോഗിച്ചിട്ടുണ്ട്.