മഞ്ജുനാഥ് റാവു കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ; 'എന്നെയും കൊല്ലൂ'വെന്ന് നിലവിളിച്ച് പല്ലവി
text_fieldsമഞ്ജുനാഥ് റാവുവും പല്ലവിയും
ബംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും. മഞ്ജുനാഥ് റാവുവാണ് (47) ഭാര്യയുടെയും മകന്റെയും മുന്നിൽ കൊല്ലപ്പെട്ടത്. ബാങ്ക് മാനേജരായ ഭാര്യ പല്ലവി, മകൻ അഭി (18) എന്നിവർക്കൊപ്പമാണ് മഞ്ജുനാഥ് റാവു കശ്മീരിലെത്തിയത്. ഭാര്യയും മകനും ഇപ്പോൾ സുരക്ഷിതരാണ്.
ഭർത്താവിനെ വെടിവെച്ചു കൊന്നതോടെ 'എന്നെയും കൊല്ലൂ' എന്ന് ഭീകരരോട് ആവശ്യപ്പെട്ടതായും എന്നാൽ 'നിങ്ങളെ കൊല്ലുന്നില്ല, പോയി മോദിയോട് പറയൂ' എന്നാണ് ഭീകരർ പറഞ്ഞതെന്നും പല്ലവി ഒരു ചാനലിനോട് പറഞ്ഞു. മഞ്ജുനാഥ് റാവുവും പല്ലവിയും നേരത്തെ ദാൽ തടാകത്തിൽ ബോട്ടിങ് നടത്തുന്നതിന്‍റെ ഉൾപ്പെടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ വിശദീകരണത്തെത്തുടർന്ന്, അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. തുടർന്ന്, ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സംഘത്തെ ജമ്മു കശ്മീരിലേക്ക് അയച്ചു. ആവശ്യമായ എല്ലാ തുടർനടപടികളും ഏകോപിപ്പിക്കാൻ ഡൽഹിയിലെ റസിഡന്റ് കമീഷണറെ ചുമതലപ്പെടുത്തി.
'ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഹീനമായ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ ഇരകളിൽ കന്നടിഗരും ഉൾപ്പെടുന്നു' -സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. 'വാർത്ത ലഭിച്ചയുടനെ ഞാൻ ഒരു അടിയന്തര യോഗം വിളിച്ചുചേർത്ത് ചീഫ് സെക്രട്ടറിയുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഡൽഹിയിലെ റസിഡന്റ് കമീഷണറുമായും ഞാൻ സംസാരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന രണ്ട് ടീമുകളെ ജമ്മു കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. കമീഷണർ ചേതന്റെ നേതൃത്വത്തിൽ സ്പോർട്സ് വകുപ്പിൽ നിന്നുള്ള സാഹസിക സംഘവും യാത്രയിലുണ്ട്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ എല്ലാ പിന്തുണയും നൽകും. കർണാടക സർക്കാർ ദുരിതബാധിതർക്കൊപ്പം ഉറച്ചുനിൽക്കുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച കർണാടക നിയമ, പാർലമെന്ററി കാര്യ, ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ, മുഖ്യമന്ത്രിയുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു. 'കർണാടകയിൽ നിന്നുള്ള 12 പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി ഞങ്ങൾക്ക് പ്രാഥമിക വിവരം ലഭിച്ചു. വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചതായും ഞങ്ങൾക്ക് വിവരം ലഭിച്ചു. അവരെ പിന്തുണക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും' -അദ്ദേഹം പറഞ്ഞു.