പാകിസ്താൻ വ്യോമാതിർത്തി അടക്കൽ: നിർദേശങ്ങളുമായി വിമാന കമ്പനികൾ
text_fieldsന്യൂഡൽഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെ യാത്രക്കാർക്ക് കരുതൽ നിർദേശങ്ങളുമായി ഇന്ത്യൻ വിമാന കമ്പനികൾ. ബദൽ പാതയിലേക്ക് വ്യോമഗതാഗതം തിരിച്ചുവിടുന്നത് ചില അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചേക്കുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും ‘എക്സി’ലെ കുറിപ്പിൽ അറിയിച്ചു.
സ്പൈസ് ജെറ്റും സമാന അറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ പുറപ്പെട്ട വിമാനങ്ങൾ പലതും പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കി സർവിസ് തുടരുന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്നും കമ്പനികൾ അറിയിപ്പിൽ വ്യക്തമാക്കി. വ്യോമപാതയിലുള്ള മാറ്റം അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവിസുകളെ ബാധിച്ചേക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സമയക്രമവും ഷെഡ്യൂളുകളും വീണ്ടും പരിശോധിക്കണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു.
മടങ്ങാൻ അട്ടാരിയിൽ പാക് പൗരന്മാരുടെ തിരക്ക്
ചണ്ഡിഗഢ്: പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന അന്ത്യശാസനത്തെ തുടർന്ന് അട്ടാരി-വാഗ അതിർത്തി വഴി പാകിസ്താനിലേക്ക് നിരവധി പേർ മടങ്ങി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച നിരവധി തീരുമാനങ്ങളിലൊന്നാണിത്. പാകിസ്താനിലേക്ക് മതിയായ രേഖകളുമായി പോയവർ മേയ് ഒന്നിനകം മടങ്ങിയെത്തണമെന്ന അറിയിപ്പ് നൽകാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാര്യ കാബിനറ്റ് സമിതി തീരുമാനിച്ചിരുന്നു.
വ്യാഴാഴ്ച കാലത്ത് നിരവധി പാകിസ്താനി കുടുംബങ്ങൾ അട്ടാരിയിലെ ചെക്പോസ്റ്റിലെത്തി. തങ്ങൾ ഡൽഹിയിലുള്ള കുടുംബത്തെ കാണാൻ വന്നതായിരുന്നെന്ന് കറാച്ചിയിൽനിന്നുള്ള ഒരു കുടുംബം പറഞ്ഞു. 45 ദിവസത്തെ വിസയിൽ ഏപ്രിൽ 15ന് ആണ് എത്തിയത്. എന്നാൽ മടങ്ങുകയാണ്.-സംഘത്തിലുള്ള ശൈഖ് ഫസൽ അഹ്മദ് വ്യക്തമാക്കി. പഹൽഗാമിലുണ്ടായ ആക്രമണം ആരുചെയ്താലും തെറ്റാണെന്ന് ഫസൽ അഹ്മദ് പറഞ്ഞു.