'ഥാർ ഓടിക്കുന്നവർക്കെല്ലാം ഭ്രാന്താണ്, ക്രിമിനൽ സ്വഭാവമുള്ളവരെല്ലാം ഓടിക്കുന്നത് ഈ രണ്ടു വാഹനങ്ങളായിരിക്കും'
text_fieldsചണ്ഡിഗഢ്: ഥാർ കാർ ഉടമകൾക്കും ഓടിക്കുന്നവർക്കുമെല്ലാം ഭ്രാന്താണെന്നാണ് ഹരിയാന ഡി.ജി.പി ഒ.പി സിങ്. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. വാഹന പരിശോധന നടത്തുമ്പോൾ ഉദ്യോഗസ്ഥർ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന പരിശോധനക്കിടെ പൊലീസുകാർ മാന്യമായി പെരുമാറണമെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം.
'പരിശോധനക്കായി എല്ലാ വാഹനങ്ങളും ഞങ്ങൾക്ക് തടഞ്ഞു നിർത്താനാവില്ല. പക്ഷെ അതൊരു ഥാർ ആണെങ്കിൽ, ഞങ്ങൾക്ക് എങ്ങനെ വിട്ടയക്കാൻ കഴിയും? അല്ലെങ്കിൽ ബുള്ളറ്റ്... ക്രിമിനൽ സ്വഭാവമുള്ളവർ ഈ രണ്ട് വാഹനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.'
'വാഹനത്തിന്റെ തെരഞ്ഞെടുപ്പ് ഒരാളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഥാർ ഓടിക്കുന്നവർ റോഡിൽ സ്ഥിരമായി അഭ്യാസങ്ങൾ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകൻ ഥാർ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപ്പോൾ ഞങ്ങൾ ചോദിച്ചു, ഈ കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്? അത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോൾ യഥാർഥ കുറ്റക്കാരൻ അദ്ദേഹം തന്നെയാണ്.' ഒ.പി സിങ് പറഞ്ഞു.
പിന്നീട് തന്റെ അടുത്ത് നിന്ന സഹപ്രവർത്തകനായ പൊലീസുകാരനെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ പൊലീസുകാരുടെ പട്ടിക എടുത്താൽ, എത്രപേർക്ക് ഥാർ ഉണ്ടാകും? ആ വണ്ടി ആർക്കൊക്കെയുണ്ടോ, അവർക്കൊക്കെ ഭ്രാന്തായിരിക്കും. ഥാർ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്, 'ഞാൻ ഇങ്ങനെയാണ്' എന്ന് മറ്റുള്ളവരോട് പറയുകയാണ് അതോടിക്കുന്നവർ.
പിന്നെ ഒന്നും പറയാനില്ല, അങ്ങനെയെങ്കിൽ വരുന്നതിനെ നേരിടുക. രണ്ടും ഒരുമിച്ച് പറ്റില്ല. നിങ്ങൾക്ക് ഗുണ്ടായിസം കാണിക്കുകയും വേണം എന്നിട്ട് പിടിയിലാകാനും കഴിയില്ല എന്ന് പറഞ്ഞാൽ നടക്കില്ല.' വാർത്താസമ്മേളനത്തിടെ അദ്ദേഹം പറഞ്ഞു.
ഡി.ജി.പി തമാശരൂപത്തിലാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെങ്കിലും ഥാറുകൾ ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങളുടെയും അപകടങ്ങളുടെയും എണ്ണം വർധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാഹനത്തിന് മുകളിൽ കയറിയിരുന്ന് യുവതികൾ അഭ്യാസം കാണിച്ചതും റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചതും ഓടുന്ന വാഹനത്തിൽ നിന്ന് മൂത്രമൊഴിച്ചതുമടക്കമുള്ള സംഭവങ്ങൾ അടുത്തിടെ ഥാർ ഉപയോഗിക്കുന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഥാറുകൾ അശ്രദ്ധമായി ഓടിച്ച് അപകടങ്ങളുണ്ടാക്കിയ നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


