പി.എഫ് ബാലൻസ്, അഡ്വാൻസ്, റീഫണ്ട് എല്ലാം ഇനി ഒറ്റ ക്ലിക്കിൽ; വെബ്സൈറ്റിലെ ഇടപാടുകൾ ലഘൂകരിച്ച് ഇ.പി.എഫ്.ഒ
text_fieldsന്യൂഡൽഹി: പി.എഫ് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒറ്റ ലോഗിനിലൂടെ പ്രധാനപ്പെട്ട എല്ലാ ഇടപാടുകളും നടത്താവുന്ന സംവിധാനം തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു.
‘പാസ്ബുക് ലൈറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ മെംബർമാർക്ക് അവരുടെ സംഭാവന, പിൻവലിച്ച തുക, ബാലൻസ് തുടങ്ങിയവ വളരെ ലളിതമായ രീതിയിൽ അറിയാൻ കഴിയും. https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന് ടൈപ്പ് ചെയ്താൽ പാസ്ബുക്ക് ലൈറ്റ് ലഭ്യമാകും.
പല സൈറ്റുകളിൽ ലോഗിൻ ചെയ്യുകയും മറ്റ് സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്ത് ഇടപാടുകാരെ വലയ്ക്കുന്ന പഴയ സംവിധാനത്തിന് ഇതോടെ വിരാമമാകും. ഇടപാടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം.
2014 മുതൽ 2025 വരെയുള്ള ഇ.പി എഫ്.ഒയുടെ വളർച്ചയുടെ കണക്കുകൾ മന്ത്രി അവതരിപ്പിച്ചു.
3.26 ൽ നിന്ന് 11 വർഷം കൊണ്ട് 7.83 കോടിയായാണ് മെംബർഷിപ്പ് വളർന്നത്. ഇക്കാലയളവിലെ ക്ലയിമുകൾ 1.23 കോടിയിൽ നിന്ന് 6.02 കോടിയായാണ് വളർന്നത്. പെൻഷനർമാരുടെ എണ്ണത്തിൽ 73.69 ശതമാനം വർധനയാണ് ഇക്കാലയളവിൽ ഉണ്ടായത്. ഇ.പി.എഫ് ഒയുടെ മൊത്തം ഫണ്ട് 7.39 ലക്ഷം കോടിയിൽ നിന്ന് 28.02 ലക്ഷം കോടിയായി വളർന്നതായും മന്ത്രി വെളിപ്പെടുത്തി.
നേരത്തേ ഉദ്യോഗസ്ഥർ വഴി മാത്രം ലഭിച്ചിരുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അനക്സർ K എന്നിവ ഇനി നേരിട്ട് ഡൗൺലോഡ് ചെയ്യാം. ട്രാൻസ്ഫർ, സെറ്റിൽമെൻറ്, അഡ്വാൻസ്, റീഫണ്ട് എല്ലാം ഇനി എളുപ്പമാകും. ഇതിന് നേരത്തേ സീനിയർ ഉദ്യോഗസ്ഥൻമാരുടെ അംഗീകാരം വേണമായിരുന്നു.