മുഹമ്മദ് നബിയെ അവഹേളിച്ച ബി.ജെ.പി നേതാവിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി
text_fieldsനാസിയ ഇലാഹി ഖാൻ
ന്യൂഡൽഹി: മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവിനെതിരെയുള്ള പൊതുതാൽപര്യ ഹരജിയുമായി നേരിട്ട് വന്നതിനെ വിമർശിച്ച സുപ്രീംകോടതി, ഇത്തരം വിഷയങ്ങളെ വൈകാരികമാക്കരുതെന്ന് അഭിഭാഷകന് മുന്നറിയിപ്പ് നൽകി. പ്രവാചകനെ അവഹേളിച്ച ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാനെതിരെ മുംബൈ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഇത്തരം വൈകാരിക വിഷയങ്ങളിൽ തങ്ങളും രാജ്യത്തെ പൗരന്മാരാണെന്ന് അഭിഭാഷകർ മനസ്സിലാക്കണമെന്നും ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ എന്താണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് അമാനുല്ല പറഞ്ഞു. വിഷയങ്ങളെ അനാവശ്യമായി വൈകാരികവത്കരിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകും. വൈകാരികമായ കേസുകളുടെ പ്രത്യാഘാതങ്ങൾ ആലോചിക്കണം. ഏതെങ്കിലും ഒരു വ്യക്തി നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ ആ വിഷയം പ്രാദേശിക തലത്തിൽ നിയമപരമായി നേരിടണമെന്നും അദ്ദേഹം അഭിഭാഷകനെ ഉപദേശിച്ചു.
സാമുദായിക സൗഹാർദം തകർക്കുന്നതാണ് പ്രവാചകനോടുള്ള അഹേളനമെന്നും സുപ്രീംകോടതി അത് തടയണമെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ, രാജ്യത്തെ സംവിധാനങ്ങളിൽ വിശ്വാസം വേണമെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല പ്രതികരിച്ചു. ഇതാണ് പ്രശ്നമെന്നും ആളുകൾ കുറുക്കുവഴി തേടി സ്ഥാപനങ്ങളെ പ്രയാസത്തിലാക്കുകയാണെന്നും ജഡ്ജി തുടർന്നു. കേസ് അത്യന്തം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി അംഗീകരിക്കുന്നുവെന്ന് ജസ്റ്റിസ് അമാനുല്ല പറഞ്ഞു. എന്നാൽ, കുറുക്കു വഴി തേടാതെ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകനെ അവഹേളിച്ച് മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയതിന് ബി.ജെ.പി നേതാവിനെതിരെ മുംബൈ മെട്രോപോളിറ്റൻ റീജ്യൻ പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ പൊലീസ് സ്റ്റേഷൻ അധികാര പരിധിയിൽ വരുന്ന മുംബൈ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും പരിഹാരമായില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് വരാമെന്നും ബെഞ്ച് വ്യക്തമാക്കി.


