‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ: വ്യാജ ക്രിമിനൽ കേസുകൾക്കെതിരെ ഡൽഹി ഹൈകോടതിയിൽ ഹരജി
text_fieldsഐ ലവ് മുഹമ്മദ് പോസ്റ്ററുകളുടെ പേരിൽ കേസെടുത്തതിനെതിരെ ലഖ്നോ വിധാൻസഭക്ക് മുന്നിൽ പ്രതിഷേധിക്കുന്ന വനിതകൾ
ന്യൂഡൽഹി: നബിദിനാഘോഷത്തോടനുബന്ധിച്ച് ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ പതിച്ചതിന് ഇസ്ലാം മതവിശ്വാസികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ഡൽഹി ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി. റാസ അക്കാദമി പ്രതിനിധി ശുജാഅത്ത് അലിയാണ് ഹൈക്കോടതിയെ പൊതു താൽപര്യ ഹരജിയുമായി ഹൈകോടതിയിൽ എത്തിയത്.
പ്രവാചകൻറെ ജനനവും മരണവും നടന്ന റബീഉൽ അവ്വൽ മാസത്തിൽ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ പതിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്.
സമാധാനപരമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിലെയും ഉത്തരഖണ്ഡിലെയും പൊലീസ് വ്യാജ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഈ പോസ്റ്ററുകളിലൂടെ ഇസ്ലാം മത വിശ്വാസികൾ അവരുടെ മതപരമായ ആഘോഷം കൊണ്ടാടുകയും ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണത്തെ പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ ഉന്നയിക്കാൻ ഒരു തെളിവുമില്ലാതെ ഈ പോസ്റ്ററുകളുടെ പേരിൽ കലാപവും ഭീഷണിയും സമാധാന ലംഘനവും ആരോപിച്ച് വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്.
ഭരണഘടനയുടെ 14, 15, 19, 21, 25 അനുഛേദങ്ങളുടെ നഗ്നമായ ലംഘനമാണ് പൊലീസ് നടപടി എന്ന് ഹരജിയിൽ ബോധിപ്പിച്ചു.
സമാധാനപരമായ മത വിശ്വാസ പ്രകടനങ്ങൾ ക്രിമിനൽ വൽക്കരിക്കുന്നത് തന്നെ മാത്രമല്ല രാജ്യത്തിൻറെ സാമൂഹിക ചട്ടക്കൂടിനെയും ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ബാനർ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പുതിയ ആഘോഷ രീതിയെന്ന വിമർശനവുമായി രംഗത്തുവന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ ബാനറുകൾ നശിപ്പിച്ചിരുന്നു. പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലാണ് ഉത്തർ പ്രദേശിലെ വിവിധ ഭാഗങ്ങളിലും, ഉത്തരഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തും ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിച്ചത്.
കേസിനും അറസ്റ്റിനുമെതിരെ വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിനു പിന്നാലെ ബറേലിയിൽ നടന്ന പ്രതിഷേധം പൊലീസ് ലാത്തിച്ചാർജിലും കല്ലേറിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 50ൽ ഏറെ പേരെയാണ് ഇവിടെ പൊലീസ് അറസ്റ്റു ചെയ്തത്.
യു.പിക്കു പിന്നാലെ ഉത്തരഖണ്ഡിലെ കാശിപൂർ, ഗുജറാത്തിലെ ഗോധ്ര, മഹാരാഷ്ട്രയിലെ ബൈകുള എന്നിവടങ്ങളിലും ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെയും കാമ്പയിനിന്റെയു പേരിൽ കേസും അറസ്റ്റും നടന്നതായി പൗരാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) വെളിപ്പെടുത്തി. സെപ്റ്റംബർ 23 വരെ മാത്രം വിവിധ ഭാഗങ്ങളിൽ 21 കേസുകളിലായി 1300 പേരെ പ്രതിചേർത്തതായാണ് റിപ്പോർട്ട്. 38 പേർ അറസ്റ്റിലായി.
ഉത്തർ പ്രദേശിൽ ആയിരത്തിലേറെ മുസ്‍ലിംകളെ പ്രതിയാക്കി 16 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഉന്നാവോയിൽ അഞ്ചും, ബഗ്വതിൽ രണ്ടും പേരെ അറസ്റ്റു ചെയ്തു. ഇവിടങ്ങളിൽ നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തത്. കൈസർ ഗഞ്ചിൽ 355ഉം, ഷാജഹാൻപൂരിൽ 200ഉം, കൗശംബിയിൽ 24ഉം പേർക്കെതിരെ കേസെടുത്തു.
ഉത്തരഖണ്ഡിലെ കാശിപൂരിൽ 401 പേർക്കെതിരെ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയിൽ 88 പേർക്കെതിരെ കേസും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


