ബിഹാറിലേക്കുള്ള യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ചു; പണവും രേഖകളും നഷ്ടമായി
text_fieldsപി.കെ ശ്രീമതി
ന്യൂഡൽഹി: സി.പി.എം നേതാവും മുൻ എം.പിയുമായ പി.കെ ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രക്കിടെ മോഷണം പോയി. സമസ്‌തിപൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കൊൽക്കത്തയിൽ നിന്നും ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽ നിന്നുമാണ് ബാഗ് മോഷണം പോയത്. ബാഗിൽ 40,000 രൂപയും ആഭരങ്ങളും മറ്റ് രേഖകളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് പി.കെ ശ്രീമതിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
ഉറങ്ങുമ്പോൾ തലയ്ക്കരികിൽ വെച്ചിരുന്ന ബാഗ് ഉണർന്നെഴുന്നേറ്റപ്പോൾ കാണാനില്ലായിരുന്നു. അതേ കോച്ചിലെ മറ്റു പലരുടെയും ബാഗുകളും പേയ്‌സുകളും നഷ്ട്ടപ്പെട്ടിട്ടുണ്ട്. ബാഗ് മോഷണം പോയതിനെത്തുടർന്ന് ട്രെയിനിന്റെ ചെയിൻ വലിച്ചെങ്കിലും ടി.ടിയോ മറ്റ് അധികൃതരോ വന്നുപോലും നോക്കിയില്ലെന്നും പൊലീസിനെ അറിയിച്ചപ്പോൾ തീർത്തും നിരുത്തരവാദിത്വപരമായാണ് പെരുമാറിയതെന്നും പി.കെ ശ്രീമതി പറഞ്ഞു.
മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്ളക്കൊപ്പമായിരുന്നു പി.കെ ശ്രീമതി യാത്ര ചെയ്തത്. രണ്ട് ദിവസത്തെ കൊൽക്കത്തയിലെ സമ്മേളനം കഴിഞ്ഞിട്ടാണ് സമസ്‌തിപൂരിലേക്ക് ഇരുവരും യാത്ര പുറപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് അധികൃതർ ബന്ധപ്പെട്ടതെന്നും, തുടർന്ന് പരാതി നൽകിയതായും പി.കെ ശ്രീമതി പറഞ്ഞു.


