Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘നോൺ ബയോളജിക്കൽ’...

‘‘നോൺ ബയോളജിക്കൽ’ പ്രധാനമന്ത്രി ഇരവാദം ഉന്നയിക്കുന്നു...’; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി ക്ഷമാപണം നടത്തണമെന്ന് ജയറാം രമേശ്

text_fields
bookmark_border
Jairam Ramesh
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം ഉന്നയിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവനക്കൊള്ള, 2016ലെ നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങളിൽ മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി താൻ ഒരു ഇരയാണെന്ന് വരുത്തിതീർത്ത് മുൻഗാമികളെയും രാഷ്ട്രീയ എതിരാളികളെയും നിരന്തരം ലക്ഷ്യമിടുകയാണെന്നും ജയറാം രമേശ് എക്സിൽ ആരോപിച്ചു.

‘സ്വയം പ്രഖ്യാപിത ‘‘നോൺ-ബയോളജിക്കൽ’’ എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് ഇരവാദം ഉന്നയിക്കാനാണ് താൽപര്യം. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ അദ്ദേഹം നിന്ദ്യമായ അധിക്ഷേപങ്ങളാണ് നടത്തുന്നത്. പൊതു പ്രസംഗങ്ങളിൽ മാത്രമല്ല, പാർലമെന്റിൽ പോലും അവരെ അപകീർത്തിപ്പെടുത്താൻ അദ്ദേഹം പലപ്പോഴും കള്ളം പറയുന്നു. പാർലമെന്റിലും പുറത്തും ചീത്തവിളിക്കുന്ന ഒരു കൂട്ടം ആളുകളെ തോന്നിയപോലെ അഴിച്ചുവിടുകയും അവർക്ക് പൂർണ സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു’ -ജയറാം രമേശ് എക്സിൽ കുറിച്ചു.

നീറ്റ് പരീക്ഷ ക്രമക്കേടുകളിലും അതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുംനേരെ പൊലീസ് നടത്തിയ അതിക്രമത്തിലും കോൺഗ്രസ് ജനറൽ സെക്രട്ടറി കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയിലൂടെയും പൊലീസ് അതിക്രമത്തിലൂടെയും യുവാക്കൾ അനുഭവിച്ച മാനസിക വിഷമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് രാജ്യം മുഴുവൻ ആവശ്യപ്പെടുന്നത്. രാമക്ഷേത്ര സംഭാവനക്കൊള്ളയിലും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി അഞ്ചിന് ലോക്‌സഭയിൽ മോദി വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച രാമക്ഷേത്ര ട്രസ്റ്റ് നടത്തിയ വിശ്വാസവഞ്ചനക്കും സംഭാവന തട്ടിപ്പിലും പ്രധാനമന്ത്രി മാപ്പ് പറയുന്നതിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം തകർക്കുകയും ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടിക്കുകയും ചെയ്ത 2016 നവംബർ എട്ടിലെ തുഗ്ലക് പരിഷ്കാരമായ നോട്ടുനിരോധനത്തിൽ അദ്ദേഹം മാപ്പ് പറയുമെന്ന് രാജ്യം ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ഈ പട്ടിക ഇനിയും നീളുന്നതാണെന്നും ജയറാം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവർഷം നടത്തിയ വിദ്യാർഥികളോട് ക്ഷമിച്ചെന്ന് മോദി ഇൻസ്റ്റഗ്രാം വിഡിയോയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ജയറാം രമേശിന്‍റെ പ്രതികരണം.

യുവാക്കളോട് താൻ ക്ഷമിച്ചു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് രാജ്യത്തോടും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ ദുരിതമനുഭവിക്കുകയും മാപ്പ് ആവശ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ യുവതലമുറയെ അപമാനിക്കലാണ്. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം സഭകൾ കണ്ട് ആരും വഞ്ചിതരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ രംഗത്തുവന്നിരുന്നു.

വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്നായിരുന്നു പരിഹാസം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Show Full Article
TAGS:Jairam Ramesh Narendra Modi CJP Protest 
Next Story