‘ഇതര രാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് വലിയ ശത്രു, ആ ശത്രുവിനെയാണ് കീഴ്പെടുത്തേണ്ടത്,’ എച്ച്-1ബി വിസ നിരക്ക് വർധനവിനോട് പ്രതികരിച്ച് മോദി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മറ്റാരുമല്ല, ഇതര രാജ്യങ്ങളോടുളള ആശ്രിതത്വമാണ് ഇന്ത്യയുടെ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ശത്രുവിനെ തോൽപ്പിക്കാനാണ് ഇന്ത്യ ഒരുമിക്കേണ്ടതെന്നും മോദി പറഞ്ഞു. എച്ച്-1ബി വിസയുടെ നിരക്ക് ട്രംപ് സർക്കാർ കുത്തനെ വർധിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഇന്ത്യ വിശ്വബന്ധുവായുള്ള മാറ്റത്തിൻറെ പാതയിലാണ്. ലോകത്ത് നമുക്ക് വലിയ ശത്രുക്കൾ ഇല്ല. മറ്റാരുമല്ല, ഇതര രാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് രാജ്യം നേരിടേണ്ട പ്രധാന ശത്രു. അതിനെ കീഴടക്കാൻ ഒരുമിക്കണം,’- ഗുജറാത്തിലെ ഭാവൻനഗറിൽ പൊതുപരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കണം. അതിനായി രാജ്യത്തിന് കരുത്തും വിഭവശേഷിയുമുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് രാജ്യത്തിൻറെ ഈ ശേഷിയെ അവഗണിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
‘സ്വാതന്ത്ര്യലബ്ദിക്ക് ഏഴ് പതിറ്റാണ്ടിന് ശേഷവും ഇന്ത്യക്ക് അത് അർഹിച്ച വിജയമുണ്ടായില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ദീർഘകാലം കോൺഗ്രസ് സർക്കാർ ലോകവിപണിയിൽ നിന്ന് രാജ്യത്തെ തടഞ്ഞ് ‘ലൈസൻസ് ക്വോട്ട രാജിൽ’ കുരുക്കിയിട്ടു. അതിന് പിന്നാലെ, ആഗോളീകരണം വന്നു, അപ്പോഴാകട്ടെ ഇറക്കുമതിയുടെ മാർഗം മാത്രമാണ് സ്വീകരിക്കപ്പെട്ടത്.’-പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയിലെ സാങ്കേതിക മേഖലയിലേക്ക് വിദഗ്ദ തൊഴിലാളികൾക്ക് കുടിയേറാൻ അവസരം നൽകുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ ഉയർത്തി ശനിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് യു.എസ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.
ഇനി മുതൽ കമ്പനികൾ ഓരോ വിസക്കും ഒരു ലക്ഷം ഡോളർ വിസ ഫീസായി നൽകേണ്ടി വരുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹവാർഡ് ലുട്ട്നിക് പറഞ്ഞു. യു.എസ് ബിരുദദാരികൾക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികൾ ആർക്കെങ്കിലും പരിശീലനം നൽകുകയാണെങ്കിൽ യൂനിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദദാരികളെ പരിശീലിപ്പിക്കണം. അമേരിക്കക്കാർക്ക് പരിശീലനം നൽകുകയും വേണം.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസിൽ വിതരണം ചെയ്യുന്ന എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് നൽകുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് എച്ച്-1ബി വിസയുടെ കാലാവധി.
നടപടിക്ക് പിന്നാലെ, പുതിയ രണ്ട് നിക്ഷേപക വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പന്നരുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് യു.എസ് ഗവൺമെന്‍റിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് പുതിയ നടപടിക്ക് പിന്നിൽ.ഗോൾഡൻ കാർഡ്, പ്ലാറ്റിനം കാർഡ് എന്നിങ്ങനെ രണ്ട് റസിഡൻസി വിസകളാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.