പി.എം ശ്രീ; എൻ.ഇ.പിക്കെതിരായ റിപ്പോർട്ടും പ്രതിരോധവും പൊളിയും
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടതോടെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (എൻ.ഇ.പി) കേരളം ഔദ്യോഗികതലത്തിലും ആശയതലത്തിലും ഉയർത്തിയ പ്രതിരോധങ്ങൾ ഒന്നടങ്കം തകർന്നുവീഴും. എൻ.ഇ.പിക്കെതിരെ പഠന റിപ്പോർട്ടുകളും പ്രചാരണ പരിപാടികളും ഉൾപ്പെടെ കേരളം നടത്തിയ നീക്കം ദേശീയതലത്തിൽ ചർച്ചയായിരുന്നു.
പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടതോടെ എൻ.ഇ.പി നടപ്പാക്കാനും കേരളം നിർബന്ധിതമാകും.ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. 2020 നവംബറിൽ സമിതി റിപ്പോർട്ട് നൽകുകയും ചെയ്തു.
പ്രഫ. പ്രഭാത്പട്നായക് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച കേരളത്തിന്‍റെ എതിർപ്പ് 2021ൽ കേന്ദ്രത്തെ അറിയിച്ചത്. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ എൻ.ഇ.പി പരാജയമാണെന്നും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെന്നും ഉൾപ്പെടെ വിമർശനങ്ങൾ അടങ്ങിയതായിരുന്നു റിപ്പോർട്ട്.
വിദ്യാഭ്യാസത്തിന്‍റെ പരോക്ഷ കച്ചവടവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമർശനവും മറച്ചുവെച്ചില്ല. ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് എൻ.ഇ.പിയെ കേരളം തള്ളുന്നുവെന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചാരണം നടത്തിയത്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായി ദേശീയ വിദ്യാഭ്യാസ നയം പൂർണമായും നടപ്പാക്കാമെന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന ധാരണാപത്രം ഒപ്പിട്ടാണ് കേരളം പി.എം ശ്രീ പദ്ധതിക്ക് കൈകൊടുക്കുന്നത്.
എൻ.ഇ.പിയെ അടിസ്ഥാനപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേകമായി പാഠ്യപദ്ധതി ചട്ടക്കൂട് എൻ.സി.ഇ.ആർ.ടിയും യു.ജി.സിയും രൂപപ്പെടുത്തിയപ്പോഴും അതിനെതിരെ കേരളം നിലപാടെടുത്തു.
ഏറ്റവും ഒടുവിൽ ഹിന്ദുത്വ, പുരാണ ആശയങ്ങൾ ഉൾപ്പെടുത്തി യു.ജി.സി തയാറാക്കിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കായുള്ള മാതൃകാ പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെയും പ്രത്യേക സമിതിയെ നിയോഗിച്ച് കേരളം എതിർത്തു. അഞ്ച് വർഷമായി ഉയർത്തിയ എതിർപ്പുകളെയെല്ലാം വിഴുങ്ങിയാണ് കേരളം പി.എം ശ്രീയിലും അതുവഴി എൻ.ഇ.പിയിലും പങ്കാളിയാകുന്നത്.


