‘പി.എം ശ്രീ’ പദ്ധതിയിൽനിന്നും പൂർണമായും പിന്മാറണം -ഡി. രാജ
text_fieldsന്യൂഡൽഹി: ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കേരളം ഒപ്പിട്ട ‘പി.എം ശ്രീ’ പദ്ധതിയിൽ നിന്നും പൂർണമായും പിന്മാറണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയെ ന്യൂഡൽഹി എ.കെ.ജി ഭവനിൽ ചെന്ന് കണ്ട് അറിയിച്ചു. ഇക്കാര്യത്തിൽ സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇതാണെന്ന് ബേബിയെ അറിയിച്ചുവെന്നും ഇനി തീരുമാനം എടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും ബേബിയെ അരികെ നിർത്തി രാജ വ്യക്തമാക്കി.
ചോദ്യം: സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തനാണോ?
ഡി. രാജ: സഖാവ് രാമകൃഷ്ണ പാണ്ഡെക്കൊപ്പം പാർട്ടി ആസ്ഥാനത്ത് നിന്ന് വന്ന താൻ സഖാവ് ബേബിയെയും അരുണിനെയും കണ്ടു. കേരളത്തിലെ ‘പി.എം ശ്രീ’യുമായി ബന്ധപ്പെട്ട വിഷയം ഞങ്ങൾ ചർച്ച ചെയ്തു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) ഇരു പാർട്ടികളും നിരന്തരം എതിർത്തുകൊണ്ടിരിക്കുകയായിരുന്നു. കാരണം എൻ.ഇ.പി ആർ.എസ്.എസിന്റെ അജണ്ടയാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽകരണവും കേന്ദ്രവൽക്കരണവും വർഗീയവൽക്കരണവുമാണ് അത് ലക്ഷ്യമിടുന്നത്. ഈ സാഹചര്യം മുന്നിൽ വെച്ചാണ് കേരളത്തിലെ ഇടതുസർക്കാർ ഒപ്പിട്ട ധാരണാപത്രം ഞങ്ങൾ ചർച്ച ചെയ്തത്. സി.പി.എം കേരള ഘടകവുമായി വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ കേരള ഘടകത്തോട് ഞങ്ങൾ ആവശ്യപ്പെട്ടു. സി.പി.ഐയുമായി ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്യാനും ഒരു പരിഹാരം കണ്ടെത്താനും കേരളത്തിലെ സി.പി.എമ്മിനോട് ആവശ്യപ്പെട്ടതായി സഖാവ് ബേബി ഞങ്ങളോട് പറഞ്ഞു.
ചോദ്യം: ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചയിൽ പ്രതീക്ഷക്ക് വകയുണ്ടോ?
ഡി.രാജ: രണ്ട് പാർട്ടികളും വിഷയം ചർച്ച ചെയ്ത് ഒരു പരിഹാരത്തിന് ശ്രമിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. ധാരണാ പത്രം പുനഃപരിശോധിക്കാനാകുമോ എന്ന കാര്യവും പരിഗണിക്കണം. കാരണം വിദ്യാഭ്യാസ നയത്തിന് പുർണമായും ഞങ്ങൾ എതിരാണ്. സ്വകാര്യവൽകരണത്തിനും വാണിജ്യവൽകരണത്തിനും പുറമെ കേന്ദ്ര വൽകരണവും കൂടി നടപ്പാക്കുന്നതോടെ വിദ്യാഭ്യാസത്തിന് മേൽ സംസ്ഥാന സർക്കാറുകൾക്കുള്ള അധികാരം കവർന്നെടുക്കാനും കേന്ദ്രം ആഗ്രഹിക്കുന്നതെന്തും ഏകപക്ഷീയമായി നടപ്പാക്കാനും കഴിയും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം നമുക്കെല്ലാം അറിയുന്നതാണ്. എൻ.സി.ഇ.ആർ.ടി.ഇ അത്തരം കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പാഠ്യപദ്ധതിക്കും പാഠ്യക്രമത്തിനും എന്ത് സംഭവിക്കുന്നതും നമുക്കറിയാം. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മതേതരത്വത്തിലും ജനാധിപത്യത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്ഠിതമായിരിക്കണം. അതിനായി ബി.ജെ.പി നയിക്കുന്ന സർക്കാറിന്റെ പ്രതിലോമ വർഗീയതയോടുള്ള പോരാട്ടം തുടരേണ്ടയതുണ്ട്. ഈ പശ്ചാത്തലത്തിൽ ധാരണാ പത്രം പരിശോധിച്ച് എങ്ങിനെ പ്രശ്നത്തെ നേരിടാമെന്നും എങ്ങിനെ ധാരണാപത്രം പുനഃപരിശോധിക്കാമെന്നും എന്ത് പരിഹാരത്തിലെത്തണമെന്നും ചർച്ച ചെയ്യാൻ സി.പി.ഐ കേരളഘടകത്തോട് ഞങ്ങൾ നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ബേബിയെ ഞങ്ങൾ അറിയിച്ചു.
ചോദ്യം: ‘പി.എം ശ്രീ’ ധാരണാപത്രത്തിൽ നിന്ന് പിന്മാറണമെന്ന് സി.പി.ഐ ആവശ്യപ്പെടുന്നില്ലെന്നാണോ?
ഡി. രാജ: അല്ലേയല്ല. ധാരണാപത്രത്തിൽ നിന്ന് പിന്മാറണമെന്നാണ് ഞങ്ങളുടെ നിലപാട്. അത് കൊണ്ടാണ് ധാരണാപത്രം പുനഃപരിശോധിച്ച് അതിനെ മറികടക്കാനുള്ള സാധ്യതകൾ കണ്ടെത്താൻ ആവശ്യപ്പെട്ടത്. ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള നീക്കം പോലും പരിശോധിക്കണമെന്നത് തന്നെയാണ് സി.പി.ഐയുടെ നിലപാട്.
ചോദ്യം: ഇത് സംബന്ധിച്ച് വല്ല ഉറപ്പും സി.പി.എം ജനറൽ സെക്രട്ടറിയിൽ നിന്ന് ഇതു സംബന്ധിച്ച വല്ല ഉറപ്പും ലഭിച്ചോ ?
ഡി. രാജ: വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽകരണത്തിനും കേന്ദ്രവൽക്കരണത്തിനും വർഗീയവൽക്കരണത്തിനുമെതിരെ പോരാടുമെന്ന ഈ വിഷയങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കുമില്ലെന്നുമുള്ള ഉറപ്പ് ലഭിച്ചു. ഞങ്ങളുടെ രാഷ്ട്രീയവും ആദർശപരവുമായ ധാരണകളോട് ‘പി.എം ശ്രീ’ ധാരണാപത്രം എത്രത്തോളം ഒത്തുപോകുമെന്ന് കാത്തിരുന്ന് കാണണം. അത് കൊണ്ടാണ് ധാരണാപത്രത്തിൽ നിന്നുള്ള സമ്പുർണമായ പിന്മാറ്റമാണ് സി.പി.ഐയുടെ നിലപാട് എന്ന് ബേബിയോട് ഞങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ഇനി എന്തു ചെയ്യണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
ചോദ്യം: പിന്മാറ്റം മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരം എന്നാണോ?
ഡി. രാജ: സി.പി.ഐയുടെ അഭിപ്രായത്തിൽ അതാണ് ഒരു പരിഹാരം. അത് കൊണ്ടാണ് ഞങ്ങൾ ആ നിർദേശം മുന്നോട്ടുവെച്ചത്. അത് ജനങ്ങൾക്ക് മുമ്പിലുണ്ട്.
ചോദ്യം: തർക്ക പരിഹാരത്തിന് മറ്റു ബദൽ മാർഗങ്ങളുണ്ടോ?
ഡി. രാജ: പിന്മാറ്റമാണ് ഇപ്പോൾ ഞങ്ങളുടെ തീരുമാനം. അടുത്തതായി എന്ത് എന്നാലോചിക്കുമ്പോഴല്ലേ മറ്റു ബദലുകളും വഴികളുമെന്താണ് എന്ന് നോക്കേണ്ടത്. അക്കാര്യങ്ങളെല്ലാം ഞങ്ങൾ സംസ്ഥാന ഘടകങ്ങൾക്ക് വിട്ടു.


