പി.എം ശ്രീക്ക് വീണ്ടും ‘തീയിട്ട്’ ശിവൻകുട്ടി; ഇടത് രാഷ്ട്രീയം ഓർമപ്പെടുത്തി സി.പി.ഐ
text_fieldsവി. ശിവന്‍കുട്ടി.
തിരുവനന്തപുരം: സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പി.എം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ വീണ്ടും വിവാദത്തിന് ‘തീയിട്ട്’ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സി.പി.ഐയെ ഉന്നമിട്ട നീക്കത്തിൽ, നേതാക്കളിൽനിന്ന് മന്ത്രി ഇടതുപക്ഷ രാഷ്ട്രീയം പഠിക്കട്ടെയെന്ന മറുപടിയുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയതോടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വെടിനിർത്തലിന്‍റെ ലംഘനമായി ഇരുകൂട്ടർക്കുമിത്. ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിച്ച ശേഷവും നേതാക്കൾ തമ്മിലെ ഭിന്നത വാക്പോരായത് തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടതുമുന്നണിക്കും പരിക്കായി.
സി.പി.ഐയുടെ എതിർപ്പ് കാരണം രണ്ടുതവണ മന്ത്രിസഭ മാറ്റിവെച്ച പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ഒത്താശയിലാണ് ഇടത് മുന്നണിയറിയാതെ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചത്. ആർ.എസ്.എസ് ആശയമുൾക്കൊള്ളുന്നതിനാൽ ഇരു പാർട്ടികളും എതിർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചുകടത്തുന്ന പദ്ധതിയുടെ ധാരണാപത്രം പുറത്തുവന്നതോടെ പരസ്യമായാണ് സി.പി.എമ്മിനോട് സി.പി.ഐ ഇടഞ്ഞത്. പദ്ധതിയിൽനിന്ന് പിന്മാറാതെ മന്ത്രിസഭ യോഗത്തിനില്ലെന്നും ആവശ്യമെങ്കിൽ മന്ത്രിമാരെ പിൻവലിക്കുമെന്നും സി.പി.ഐ നിലപാടെടുത്തതോടെ, മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടും തീരാത്ത തർക്കം ദേശീയ നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.
പദ്ധതി മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയക്കാനും പുനരാലോചനക്ക് മന്ത്രിസഭ ഉപസമിതിയുണ്ടാക്കാനും ധാരണയായപ്പോൾ തന്നെ വിവാദം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. അതിനാണിപ്പോൾ ലംഘനമുണ്ടായത്. പദ്ധതി മരവിപ്പിച്ചുള്ള കത്ത് കേന്ദ്രത്തിന് നൽകാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നപ്പോഴും സി.പി.ഐ പരസ്യപ്രതികരണം ഒഴിവാക്കിയിരുന്നു. കത്തയച്ചതിനെ എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിജയമെന്ന് പറയുകയല്ലാതെ ക്രെഡിറ്റെടുക്കാനൊന്നും ബിനോയ് വിശ്വം പോയില്ല.
എന്നാൽ, തെരഞ്ഞെടുപ്പ് വേളയെന്ന ഗൗരവം പോലുമുൾക്കൊള്ളാതെയാണ് വിദ്യാഭ്യാസ മന്ത്രി സി.പി.ഐയെ കുത്തിയുള്ള പരാമർശങ്ങൾ നടത്തിയത്. പദ്ധതിയിലെ പിന്മാറ്റം ആരുടെയും ജയപരാജയത്തിന്റെ പ്രശ്നമല്ലെന്നും ഇനി എസ്.എസ്.കെയുടെ 1152.77 കോടി കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കല്ലെന്നും ഏറ്റെടുക്കേണ്ടവർ അതേറ്റെടുക്കണമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ഇടതുപക്ഷ രാഷ്ട്രീയം ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശിവൻകുട്ടിയുടെ വാക്കുകളിൽ പ്രകോപിതരാകാൻ തന്റെ രാഷ്ട്രീയബോധം അനുവദിക്കുന്നില്ലെന്നും ആ രാഷ്ട്രീയ ബോധം എല്ലാവർക്കും വേണമെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു. പി.എം ശ്രീയിലെ ഇടത് രാഷ്ട്രീയം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശിവൻകുട്ടിയെ പഠിപ്പിക്കട്ടെയെന്നും കൂട്ടിച്ചേർത്ത്, മന്ത്രിയെ നിലക്കുനിർത്താൻ ബിനോയ് വിശ്വം സി.പി.എമ്മിനോട് പരോക്ഷമായി ആവശ്യപ്പെടുകയും ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ സർക്കാറും സി.പി.എമ്മും പ്രതിരോധത്തിലായത് ചർച്ചയിൽനിന്ന് മറക്കാനാണ് പി.എം ശ്രീ വീണ്ടും ചർച്ചയാക്കുന്നതെന്നും ആക്ഷേപമുണ്ട്.


