അണ്ണാ ഡി.എം.കെയിൽ പൊട്ടിത്തെറി; മുൻ മന്ത്രിയെ ഭാരവാഹിത്വത്തിൽനിന്ന് നീക്കി
text_fieldsചെന്നൈ: മുൻ മന്ത്രിയും എം.എൽ.എയുമായ കെ.എ. ശെങ്കോട്ടയനെ പദവിയിൽ നിന്ന് നീക്കിയതോടെ അണ്ണാ ഡി.എം.കെയിൽ കലഹം രൂക്ഷം. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നേതാക്കളെയും പ്രധാന പ്രവർത്തകരെയും പത്തു ദിവസത്തിനകം തിരിച്ചെടുക്കണമെന്ന് മുതിർന്ന നേതാവായ ശെങ്കോട്ടയൻ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ശെങ്കോട്ടയനെ സംഘടന സെക്രട്ടറി, ഈറോഡ് റൂറൽ വെസ്റ്റ് ജില്ല സെക്രട്ടറി ഭാരവാഹിത്വത്തിൽനിന്ന് നീക്കിയത്.
കാൽ നൂറ്റാണ്ടായി എം.എൽ.എയാണ് ഇദ്ദേഹം. മേട്ടുപ്പാളയം എം.എൽ.എ എ.കെ ശെൽവരാജിന് ഈറോഡ് റൂറൽ വെസ്റ്റ് ജില്ല സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി.വി.കെ. ശശികല, ഒ. പന്നീർസെൽവം, ടി.ടി.വി ദിനകരൻ എന്നിവരുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ഇവരെ പോലുള്ള നേതാക്കളെ സംഘടനയിലേക്ക് തിരിച്ചെത്തിക്കാതെ നിയമസഭ തെരഞ്ഞെടുപ്പിൽ തെക്കൻ തമിഴ്‌നാട്ടിൽ ജയിക്കാനാകില്ലെന്നായിരുന്നു ശെങ്കോട്ടയൻ പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്കുണ്ടായ കനത്ത തോൽവിയെ തുടർന്ന് താനുൾപ്പെടെ മുൻ മന്ത്രിമാരടങ്ങുന്ന ആറംഗ സംഘം എടപ്പാടി പളനിസാമിയെ കണ്ട് നേതാക്കളെ തിരിച്ചെടുത്ത് പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എടപ്പാടി ഇത് തള്ളിക്കളഞ്ഞു. പത്ത് ദിവസത്തിനകം നേതാക്കളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമാന ചിന്താഗതിക്കാരെ ഒന്നിപ്പിച്ച് രംഗത്തിറങ്ങുമെന്നും ശെങ്കോട്ടയൻ മുന്നറിയിപ്പ് നൽകി.
ജനാധിപത്യ മര്യാദയനുസരിച്ച് തന്നോട് വിശദീകരണംപോലും ആവശ്യപ്പെട്ടില്ലെന്നും അച്ചടക്ക നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ശെങ്കോട്ടയൻ പ്രതികരിച്ചു. പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി.