എസ്.ഐ.ആറിനുശേഷം പോളിങ് ബൂത്തുകൾ കൂടുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: അടുത്തയാഴ്ച 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) പൂർത്തിയാകുന്നതോടെ, അവിടങ്ങളിൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും. എസ്.ഐ.ആർ പൂർത്തിയായ ബിഹാറിൽ ഒരു ബൂത്തിൽ 1500 വരെ വോട്ടർമാരെന്നതിന് പകരം പരമാവധി 1200 വോട്ടർമാരുമായി പുനഃക്രമീകരിച്ചിരുന്നു. 77,895 ആയിരുന്നത് 90,712 ബൂത്തുകളായാണ് ഉയർന്നത്. പരമാവധി രണ്ട് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരാത്ത വിധം ബൂത്തുകൾ ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.
കേരളമടക്കം നവംബർ നാലിന് എസ്.ഐ.ആർ ആരംഭിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ ബൂത്തുകൾ സ്ഥാപിക്കുന്നതിന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. അന്തമാൻ നികോബാർ, ലക്ഷദ്വീപ്, ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരള, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്തയാഴ്ച എസ്.ഐ.ആർ ആരംഭിക്കുന്നത്.


