മലയാളി മാധ്യമ പ്രവർത്തകൻ പി.ആര്‍ രമേശ് കേന്ദ്ര വിവരാവകാശ കമീഷണര്‍
text_fieldsപി.ആർ രമേശ്
ന്യൂഡൽഹി: കേന്ദ്ര വിവാരവകാശ കമ്മീഷണറായി മലയാളിയായ പി.ആർ രമേശ് നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമായ പി.ആർ രമേശ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ പദവിയും വഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അടങ്ങിയ സമിതിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ (സി.ഐ.സി), കേന്ദ്ര വിജിലൻസ് കമ്മീണർ എന്നിവരെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സമിതി യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുന്നോട്ട് വെച്ച പേരുകളിൽ രാഹുൽ ഗാന്ധി വിയോജിപ്പ് രേഖാമൂലം അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ വിരമിച്ച മുഖ്യവിവരാവകാശ കമീഷണർ ഹീരാലാൽ സമരിയയുടെ പിൻഗാമിയെയും കമീഷൻ അംഗങ്ങളെയും നിയമിക്കുന്നതിനായാണ് യോഗം ചേർന്നത്. പത്ത് അംഗങ്ങൾ ഉൾകൊള്ളുന്നതാണ് വിവരാവകാശ കമീഷൻ.


