ഗോവയിൽ പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞ ഇന്ന്
text_fieldsപനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സംബന്ധിക്കും.
തുടർച്ചയായ രണ്ടാം തവണയാണ് സാവന്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അതേസമയം, സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റു മന്ത്രിമാരുടെ എണ്ണത്തെ കുറിച്ച് ബി.ജെ.പി നേതൃത്വം മൗനം പാലിക്കുകയാണ്.
ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മാർച്ച് 29 മുതൽ പുതിയ നിയമസഭയുടെ ദ്വിദിന സമ്മേളനം വിളിച്ചു. ഈ സമയം സാവന്തിന് വിശ്വാസവോട്ട് തേടേണ്ടിവരും.
40 അംഗ സഭയിൽ 20 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ (എം.ജി.പി) രണ്ട് എം.എൽ.എമാരും മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


