Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബങ്കിപൂർ...

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ‘ബി.ജെ.പിക്ക് തോൽവി ഭയം’; അനുയായികളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് പ്രശാന്ത് കിഷോർ

text_fields
bookmark_border
Prashant Kishor
cancel
camera_alt

പ്രശാന്ത് കിഷോർ

പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് ബി.ജെ.പിയുടെ നിർദേശ പ്രകാരം തന്റെ അനുയായികളെ ​പൊലീസ് കസ്റ്റഡിയിലെടുത്തതായി ജൻ സുരാജ് പാർട്ടി സ്ഥാപകനും സ്ഥാനാർഥിയുമായ പ്രശാന്ത് കിഷോർ. ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തന്റെ പാർട്ടിയിലെ നിരവധി പ്രവർത്തകരെ ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പി തോൽവി ഭയന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഭരണസംവിധാനത്തെ ഉപയോഗിച്ച് ഞങ്ങളുടെ പ്രവർത്തകരെ തടഞ്ഞുവെക്കുന്നത്. ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാനാവില്ല’ -പട്നയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രശാന്ത് കിഷോർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘തന്റെ പാർട്ടിയിലെ 16ലധികം അനുയായികൾ എവിടെയാണെന്ന് പൊലീസിന് വെളിപ്പെടുത്താൻ കഴിയുന്നില്ല. ഇവയെ അറസ്റ്റുകളായി കണക്കാക്കാൻ കഴിയില്ല. അവർ ഉൾപ്പെ​ട്ടിരിക്കുന്ന കേസുകളെക്കുറിച്ച് മതിയായ രേഖകളില്ല. പ്രവർത്തകരെ ജക്കൻപൂർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞ ശേഷമാണ് ഞാൻ ഈ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ഇവിടെനിന്ന് എല്ലാവരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായി വിവരം ലഭിച്ചു. ഉന്നതരുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ പിടിച്ചുവെക്കലിന് പൊലീസ് സ്റ്റേഷന് പങ്കില്ലെന്ന് ഇവിടുത്തെ എസ്.എച്ച്.ഒ പോലും അവകാശപ്പെടുന്നു’ -പ്രശാന്ത് കിഷോർ ആരോപിച്ചു.

പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരമാണിത്. ബി.ജെ.പി പ്രസിഡന്റ് നിതിൻ നബിൻ രാജിവച്ചതിനെ തുടർന്നാണ് ബങ്കിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിരവധി പ്രവർത്തകരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തതതായാണ് ജൻ സുരാജ് പാർട്ടിയുടെ ആരോപണം. പോളിങ് ദിനത്തിന് മുമ്പുള്ള അവസാനഘട്ട പ്രചാരണങ്ങളെയും ബൂത്ത് ഏകോപനത്തെയും പൊലീസ് നടപടി ബാധിച്ചെന്നും പാർട്ടി ആരോപിച്ചു. പ്രശാന്ത് കിഷോറിന്റെ ആരോപണങ്ങളിൽ ​പൊലീസ് പ്രതികരിച്ചിട്ടില്ല.

അതേസമയം, ബിഹാറിൽ ഉൾപ്പെടെ വിദ്യാർഥി പ്രതിഷേധം ഉയരുകയും വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടിയും സ്വീകരിച്ചതോടെ ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടുന്ന തെരഞ്ഞെടുപ്പുകളിലൊന്നായി മാറിക്കഴിഞ്ഞു. ബി.ജെ.പി, ജൻ സുരാജ്, മറ്റ് പ്രതിപക്ഷ കക്ഷികൾ എന്നിവക്ക് ഈ ഉപതെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പ്രശാന്ത് കിഷോർ ബങ്കിപൂർ മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

Show Full Article
TAGS:Bankipur byelection Prashant Kishor Jan Suraaj Party BJP bihar police 
News Summary - ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് | അനുയായികളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് പ്രശാന്ത് കിഷോർ
Next Story