‘ബിഹാറിൽ എൻ.ഡി.എയുടെ തോൽവി ഉറപ്പ്, ജെ.ഡി (യു) ജയിക്കുക 25ൽ താഴെ സീറ്റിൽ’; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രശാന്ത് കിഷോർ
text_fieldsപ്രശാന്ത് കിഷോർ
പറ്റ്ന: ബിഹാറിൽ അടുത്ത മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ (യു) ഉം ബി.ജെ.പിയും അടങ്ങുന്ന എൻ.ഡി.എയുടെ പരാജയം ഉറപ്പാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ. എൻ.ഡി.എ മുന്നണിയിൽ ആകെ ആശയക്കുഴപ്പവും അങ്കലാപ്പുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 243 അംഗ സഭയിൽ ജനതാദൾ (യു) 25 സീറ്റിലെങ്കിലും ജയിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ വിശദീകരിക്കുന്നത്.
‘ബിഹാറിൽ എൻ.ഡി.എ അധികാരത്തിൽനിന്ന് പുറത്തേക്കുള്ള വഴിയിലാണ്. മുഖ്യമന്ത്രിയായി നിതീഷ് കുമാർ തിരിച്ചെത്തില്ല’ -ഒരുകാലത്ത് നിതീഷിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന പ്രശാന്ത് പറയുന്നു. ജനതാദൾ (യു)വിനെ കാത്തിരിക്കുന്ന വിധിയെന്തെന്നറിയാൻ തെരഞ്ഞെടുപ്പ് പണ്ഡിതനൊന്നും ആവേണ്ടതില്ലെന്നാണ് പ്രശാന്തിന്റെ പക്ഷം.
‘തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിരാഗ് പാസ്വാൻ മുന്നണിയിൽ കലാപത്തിനിറങ്ങി. സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. അവരിൽ മിക്കവരും ഒട്ടും പ്രാപ്തരായ ആളുകളായിരുന്നില്ല. ജെ.ഡി.യു മത്സരിക്കുന്ന ഇടങ്ങളിലാണ് ചിരാഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൻ.ഡി.എയിൽ ജനതാദൾ (യു)വും ബി.ജെ.പിയും ഏതു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന കാര്യത്തിൽ പോലും ധാരണയായിട്ടില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
ബിഹാറിൽ താൻ മത്സരരംഗത്തുണ്ടാവില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ജൻ സുരാജ് പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നത് ഉൾപ്പെടെയുള്ള സംഘടനാ പ്രവർത്തനങ്ങളിലായിരിക്കും താൻ ശ്രദ്ധയൂന്നുകയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തന്റെ പാർട്ടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന പ്രശാന്ത്, 150 സീറ്റിൽ കുറവാണ് ലഭിക്കുന്നതെങ്കിൽ അത് പാർട്ടിയുടെ ‘പരാജയം’ ആയി കണക്കാക്കുമെന്നും അതിരുകടന്ന ആത്മവിശ്വാസം പുലർത്തുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ആറിനും 11നും നടക്കുന്ന പോളിങ്ങിന്റെ ഫലം നവംബർ 14ന് അറിയാം.


