വ്യോമസേനയുടെ കരുത്ത്; റഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
text_fieldsറഫേൽ യുദ്ധവിമാനത്തിന് മുമ്പിൽ രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനത്തിൽ സഞ്ചരിച്ചതിന് പിന്നാലെ റഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാന അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി റഫേൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്. രാവിലെ അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിൽ എത്തിയ രാഷ്ട്രപതിക്ക് വ്യോമസേനാംഗങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി.
2023 ഏപ്രിൽ എട്ടിനാണ് അസമിലെ തേസ്പൂർ വ്യോമസേന കേന്ദ്രത്തിൽ നിന്ന് സുഖോയ്-30 യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചത്. മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൽ കലാം, പ്രതിഭ പാട്ടിൽ, രാംനാഥ് കോവിന്ദ് എന്നിവർ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. കര, നാവിക, വ്യോമ സേനകളുടെ സുപ്രീം കമാൻഡറാണ് രാഷ്ട്രപതി.
ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്ന് അറിയപ്പെടുന്ന യുദ്ധവിമാനമാണ് സുഖോയ് 30 എം.കെ.ഐ. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട സീറ്റ് വിമാനമാണിത്. റഷ്യ വികസിപ്പിച്ചെടുത്ത സുഖോയ് വിമാനം നിർമിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിസ് ലിമിറ്റഡ് ആണ്. മുമ്പ് റോഡിൽ ലാൻഡ് ചെയ്ത് സുഖോയ് വിമാനം ചരിത്രം കുറിച്ചിരുന്നു.
വ്യോമസേനയുടെ കിഴക്കൻ വ്യോമ കമാൻഡിന്‍റെ കീഴിൽ വരുന്നതാണ് തേസ്പൂർ വ്യോമസേനാകേന്ദ്രം. ചൈന, മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളുടെ നിരീക്ഷണ ചുമതലയാണ് തേസ്പൂർ വ്യോമസേനാ കേന്ദ്രത്തിനുള്ളത്. വടക്കൻ അസമിലെ തേസ്പൂർ അരുണാചൽ പ്രദേശിന്‍റെ അതിർത്തിയിലാണ്.


