പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് ആദ്യമായി വനിതാ പ്രസിഡന്‍റ്
text_fieldsസംഗീത
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രധാന മാധ്യമ പ്രവർത്തക കൂട്ടായ്മയായ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സംഗീത ബറുവ പിഷാരടി തെരഞ്ഞെടുക്കപ്പെട്ടു. 68 വർഷം പിന്നിടുന്ന ക്ലബിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റും വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ അധ്യക്ഷയുമാണ് സംഗീത.
യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ) ലേഖികയായി കരിയർ ആരംഭിച്ച സംഗീത പിന്നീട് ‘ദ ഹിന്ദു’വിന്റെ പ്രത്യേക പ്രതിനിധിയായി. ദ വയർ നാഷനൽ അഫയേഴ്സ് എഡിറ്ററാണിപ്പോൾ. ഏറെ ശ്രദ്ധിക്കപ്പെട്ട അസം: ദി അക്കോർഡ്, ദി ഡിസ്‌കോർഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സംഗീത നേതൃത്വം നൽകിയ പാനൽ വമ്പൻ വിജയമാണ് നേടിയത്. അഫ്‌സൽ ഇമാം സെക്രട്ടറി ജനറലായും ജതിൻ ഗാന്ധി വൈസ് പ്രസിഡൻറായും വിജയിച്ചു.
ജോയിന്റ് സെക്രട്ടറിയായി പി.ആർ. സുനിൽ, ട്രഷററായി അദിതി രാജ്‌പുത് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 അംഗ മാനേജിങ് കമ്മിറ്റിയിലേക്ക് നീരജ് കുമാർ, അഭിഷേക് കുമാർ സിങ്, ജാഹ്നവി സെൻ, അശോക് കൗശിക്, കല്ലോൽ ഭട്ടാചാര്യ, പ്രവീൺ ജെയിൻ, അഗ്രജ് പ്രതാപ് സിങ്, മനോജ് ശർമ്മ, നൈനിമ ബസു, പി.ബി. സുരേഷ്, വി.പി. പാണ്ഡെ, പ്രേം ബഹുഖണ്ഡിയ, സ്നേഹ ഭൂര, ജാവേദ് അക്തർ, റിസാ ഉൽ ഹസൻ ലസ്‌കർ, സുനിൽ കുമാർ എന്നിവർ വിജയിച്ചു.


