തോൽവിയുടെ കാരണങ്ങൾ തേടി നേതാക്കളെ കണ്ട് പ്രിയങ്ക
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി. നേതാക്കൾ ഓരോരുത്തരെയായി കണ്ട് തോൽവിയുടെ കാരണങ്ങൾ ചോദിച്ചറിയുകയാണ് പ്രിയങ്ക. പ്രമോദ് തിവാരി, ആചാര്യ പ്രമോദ് കൃഷ്ണൻ, സതീഷ് അജ്മാനി, അജയ് റായ്, അജയ് കുമാർ ലല്ലു, വീരേന്ദർ ചൗധരി തുടങ്ങിയ നേതാക്കൾ ബുധനാഴ്ച പ്രിയങ്കയെ കണ്ടു.
ജനങ്ങളുടെ വിശ്വാസമാർജിക്കാൻ പാർട്ടിക്ക് കഴിയാത്തതിന്റെ കാരണങ്ങളാണ് നേതാക്കളിൽനിന്ന് അവർ ചോദിച്ചറിയുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംബന്ധിച്ചും പ്രിയങ്ക ചർച്ച ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാന നേതാക്കളെ ഒരുമിച്ചു കണ്ട ശേഷമാണ് ബുധനാഴ്ച ഓരോരുത്തരെയായി കാണാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇതു തുടരും. യു.പിയിൽ 403 സീറ്റിലും മത്സരിച്ചെങ്കിലും രണ്ട് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ലഭിച്ച വോട്ടുകൾ 2.23 ശതമാനം മാത്രം. അതേസമയം, പ്രിയങ്കയുടെ പ്രചാരണങ്ങളിൽ വൻ ജനസാന്നിധ്യമുണ്ടായിരുന്നു.