എങ്ങും ഹർത്താൽ സമാന കാഴ്ചകൾ
text_fieldsജമ്മു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലെ ജനജീവിതം ഏറെക്കുറെ നിശ്ചലമായി. ദൽഹിയിൽ നിന്നടക്കം ജമ്മു റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനുകളിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇന്നലെയും വന്നിറങ്ങിയത്. എന്നാൽ, ഇവരെല്ലാം നഗരത്തിൽ കുടുങ്ങി. രാവിലെ ഒമ്പതോടെ ഒരു വിഭാഗമാളുകൾ വടിയും മറ്റ് ആയുധങ്ങളുമായി നിരത്തിലിറങ്ങി. ഇവർ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ഓട്ടോ അടക്കമുള്ള വാഹനങ്ങൾ തടയുകയും ചെയ്തു. പൊലീസ് പിന്തിരിപ്പിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. ഇതോടെ തെരുവ് കച്ചവടക്കാരും മറ്റ് വ്യാപാരികളും കടകൾ അടച്ചു. ജമ്മു റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടലുകൾ അടക്കുകയും ജമ്മു ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ ഗതാഗതം നിർത്തുകയും ചെയ്തു. ഇത് സഞ്ചാരികളെ ശരിക്കും വലച്ചു.
ചൊവ്വാഴ്ച തന്നെ ജമ്മുവിലെത്തി ഹോട്ടലുകളിൽ മുറിയെടുത്തവർ ഇവിടെ തന്നെ തുടർന്നു. ഇതോടെ പുതുതായെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ സമീപത്തെ പാർക്കുകളിലും ഫുട്പാത്തുകളിലും വിശ്രമിച്ചു. ചില സന്നദ്ധ സംഘടനകൾ സൗജന്യ ഭക്ഷണ വിതരണം നടത്തി. വൈകുന്നേരം അഞ്ചോടെയാണ് ചെറിയ തോതിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയത്. തെരുവ് കച്ചവടക്കാരും സജീവമായി. ഇതോടെ മലയാളി സംഘങ്ങൾ പലരും സ്വകാര്യ ദീർഘദൂര ബസുകളിൽ ഡൽഹി, മണാലി ഭാഗങ്ങളിലേക്ക് നീങ്ങി. കശ്മീർ ലക്ഷ്യമാക്കി പുറപ്പെട്ട മലയാളി സംഘങ്ങൾ ദൽഹിയിൽ നിന്ന് തന്നെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്.