Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജെൻ സീ’ക്ക് അഭിമാന...

‘ജെൻ സീ’ക്ക് അഭിമാന നിമിഷം; മോദി സർക്കാറിന് മുഖത്തടി

text_fields
bookmark_border
‘ജെൻ സീ’ക്ക് അഭിമാന നിമിഷം; മോദി സർക്കാറിന് മുഖത്തടി
cancel

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ പുതുതലമുറ ഐതിഹാസികമായ ഒരു സമരത്തിന്റെ വിജയമാഘോഷത്തിലാണ്. മുക്കാൽ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾ പ്രതിധ്വനി തീർത്ത അതേ ഡൽഹിയുടെ തെരുവുകളാണിന്ന് ആഹ്ലാദത്താൽ നിറയുന്നത്.

ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും അടക്കം ‘ജെൻ സീ’ തലമുറ ഐതിഹാസിക സമരത്തിലൂടെ വലിയ മാറ്റത്തിന് തിരികൊളുത്തിയിട്ട് അധികമായിട്ടില്ല. ഭരണകൂടങ്ങളെ വിറപ്പിച്ച അത്തരം പ്രക്ഷോഭങ്ങളുടെ മാതൃകയിൽ ഇന്ത്യൻ യുവതലമുറയും വലിയ വിജയം നേടിയിരിക്കുന്നു. ‘ജെൻ സീ’ തലമുറക്ക് അഭിമാന നിമിഷം സമ്മാനിച്ച സമരം, അധികാരപ്രമത്തതയാൽ പ്രതിപപക്ഷത്തെയോ വിയോജിപ്പുകളെയോ പരിഗണിക്കാതിരുന്ന മോദി സർക്കാറിന് മുഖത്തേറ്റ അടിയുമായി. ആഴ്ചകൾക്ക് മുമ്പ് മാത്രം ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യാണ് ശ്രദ്ധേയമായ സമരത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. പുത്തൻ യുവജന പ്രസ്ഥാനമെന്ന നിലയിൽ ഭാവി ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.ജെ.പിയെ അവഗണിച്ച് മുന്നോട്ടുപോകാൻ ഇനി ഭരണകൂടങ്ങൾക്ക് സാധിക്കില്ലെന്ന് വ്യക്തമാണ്.

രാജ്യം ഏറ്റെടുത്ത പ്രക്ഷോഭം

‘നീറ്റ്’ ഉൾപ്പെടെയുള്ള വിവിധ ദേശീയ പ്രവേശന-നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചകളെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത വിദ്യാർഥികളുടെ ഭാവിയെ ഇത്തരം സംഭവങ്ങൾ തകർക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന വാദം. വിദ്യാർഥികളും തൊഴിൽ അന്വേഷിക്കുന്ന യുവാക്കളുമായിരുന്നു ഈ പ്രക്ഷോഭത്തിന്റെ പ്രധാന ശക്തിയായി മാറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ സ്വമേധയാ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. മാതാപിതാക്കളും അധ്യാപകരും സാമൂഹിക പ്രവർത്തകരും നിരവധി സിവിൽ സമൂഹ സംഘടനകളും സമരത്തിന് പിന്തുണ നൽകി. സാമുദായിക വിഭജന ശ്രമങ്ങളെ അതിജീവിച്ചും രാഷ്ട്രീയ പാർട്ടികളുടെ ഹൈജാക്കിങ് സാധ്യതകളെ മറികടന്നും സംഘ്പരിവാർ സംഘടനകളുടെയും ഗോദി മീഡിയയുടെയും കുപ്രചാരണങ്ങളെ അതിജീവിച്ചുമാണ് പ്രക്ഷോഭം മുന്നോട്ടുപോയത്.

ചോദ്യപേപ്പർ ചോർച്ചകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി, പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ, മരിച്ച വിദ്യാർഥികൾക്ക് നീതിയും നഷ്ടപരിഹാരവും നൽകുക തുടങ്ങി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ, ധർണകൾ, ഉപവാസ സമരങ്ങൾ തുടങ്ങിയ സമാധാനപരമായ പ്രതിഷേധങ്ങളാണ് പ്രധാനമായും നടന്നത്.

നവമാധ്യമങ്ങളുടെ കരുത്ത്

ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രക്ഷോഭം അതിവേഗം വ്യാപിച്ചത്. പ്രതിഷേധ ആഹ്വാനങ്ങൾ, തത്സമയ വിവരങ്ങൾ, വിഡിയോ ദൃശ്യങ്ങൾ, മീമുകൾ, ഹാഷ്‌ടാഗ് ക്യാമ്പയ്‌നുകൾ എന്നിവ സമരത്തിന്റെ വ്യാപനത്തിൽ നിർണായക പങ്കുവഹിച്ചു. ചില പരമ്പരാഗത മാധ്യമങ്ങൾ സമരത്തെ പൊളിക്കാനായി ഭരണകൂടത്തിനൊപ്പം ചേർന്ന് പരിശ്രമിച്ചപ്പോഴും, സർക്കാർ ഇന്റർനെറ്റ് വിലക്കിയപ്പോഴും തളരാതെ മുന്നോട്ടുപോകാൻ സമരക്കാർക്ക് സാധിച്ചു. ന്യൂഡൽഹിയിലെ ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറി. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രതിപക്ഷ പാർട്ടികളും നിരവധി സാമൂഹിക പ്രവർത്തകരും പൊതുപ്രവർത്തകരും സെലബ്രിറ്റികളും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് വലിയ നേട്ടമായി.

ഭാവിയിലേക്ക് നൽകുന്ന സൂചനകൾ

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രതിഷേധം മാത്രമായി ആരംഭിച്ച പ്രക്ഷോഭം, ദിവസങ്ങൾക്കകം ഇന്ത്യയിലെ യുവജനങ്ങളുടെ നിരാശയും പ്രതീക്ഷയും ഒരുപോലെ പ്രതിഫലിപ്പിച്ച ഒരു സാമൂഹിക-രാഷ്ട്രീയ മുന്നേറ്റമായി മാറി. ഡിജിറ്റൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് രാജ്യവ്യാപക പിന്തുണ നേടിയ സമരം, ഭാവിയിലേക്ക് ചില ശുഭസൂചനകൾ നൽകുന്നുണ്ട്. എല്ലാ അനീതികളോടും സന്ധിചെയ്യാൻ പുതുതലമുറ സന്നദ്ധമാകില്ലെന്നതാണത്. അതോടൊപ്പം ബി.ജെ.പി കാലങ്ങളായി ഉപയോഗിക്കുന്ന വിഭജന തന്ത്രങ്ങൾക്ക് പെട്ടെന്ന് വഴങ്ങാൻ വരുംതലമുറ സന്നദ്ധമാകില്ലെന്ന സൂചനയും കാണേണ്ടതാണ്. ഹിന്ദു-മുസ്‍ലിം രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ വലിയ സിംഹാസനങ്ങൾ പോലും ഇളകുമെന്ന വിജയാഹ്ലാദ സന്ദർഭത്തിലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പ്രസ്താവന അതിലേക്കുള്ള സൂചനകൾ ഉൾകൊള്ളുന്നുണ്ട്.

Show Full Article
TAGS:Dharmendra pradhan CJP Protest NEET paper leak 
News Summary - Proud moment for Gen C; A slap in the face for Modi government
Next Story