പഞ്ചാബ് മുഖ്യമന്ത്രി ചന്നി ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു
text_fieldsലുധിയാന: പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ച് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. വെള്ളിയാഴ്ച ചണ്ഡിഗഡിലെ രാജ്ഭവനിൽ ചന്നി നേരിട്ടെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ സംസ്ഥാനത്തെ 117 മണ്ഡലങ്ങളിൽ 92 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ചാംകൗർ സാഹിബ്, ബദൗർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച ചന്നിക്ക് കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. മറ്റ് രാഷ്ട്രീയ കക്ഷികളായ ശിരോമണി അകാലിദൾ മൂന്ന് സീറ്റുകളും ബി.ജെ.പിയും ബി.എസ്.പിയും യഥാക്രമം രണ്ടും ഒന്നും സീറ്റുകളാണ് നേടിയത്.
പഞ്ചാബിലെ ജനങ്ങളുടെ വിധി വിനയപൂർവ്വം അംഗീകരിക്കുന്നതായി ചരൺജിത് ചന്നി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആംആദ്മി പാർട്ടിയെയും മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് കരുതുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.