നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് നവജ്യോത് സിങ് സിദ്ദു
text_fieldsചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ദയനീയതോൽവിയെ തുടർന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പദവിയിൽനിന്ന് രാജിവെക്കുന്നതായി സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വലിയ തോൽവിയാണ് നേരിടേണ്ടിവന്നത്. പാർട്ടി അധ്യക്ഷന്‍മാരും പ്രമുഖരുമായ നിരവധി സ്ഥാനാർഥികൾ തോറ്റതിനെ തുടർന്ന് അതാത് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് അധ്യക്ഷൻമാരോട് രാജിവെക്കാന്‍ സോണിയ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പരാജയങ്ങളെക്കുറിച്ച് വർക്കിംഗ് കമ്മിറ്റി നടത്തിയ അവലോകനത്തിലാണ് അധ്യക്ഷമാർ രാജിവെക്കാന്‍ പാർട്ടി നിർദ്ദേശിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 മണ്ഡലങ്ങളിൽ 18 സീറ്റുകളിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളു.