ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിടണമെന്ന് ഹരജി
text_fieldsന്യൂഡൽഹി: നീറ്റ് ഉൾപ്പെടെ പ്രവേശന പരീക്ഷ നടത്താറുള്ള, കേന്ദ്ര സർക്കാറിന് കീഴിലെ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ആണ് ഹരജി സമർപ്പിച്ചത്. പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ അവർ പരീക്ഷാ നടത്തിപ്പിന്റെ ഘടനയിൽ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ടു.
1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിന് കീഴിൽ രൂപവത്കരിച്ച എൻ.ടി.എ പിരിച്ചുവിട്ട്, പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ദേശീയ പരീക്ഷാ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. അധികാരവും സുതാര്യതാ മാനദണ്ഡങ്ങളും നിർവചിച്ച് നിയമാനുസൃത പരീക്ഷാ അതോറിറ്റി കൊണ്ടുവരണമെന്നും, ഇനി അടുത്തുവരുന്ന പരീക്ഷകൾക്ക് കോടതിയുടെ നിരീക്ഷണത്തിലുള്ള സമിതി രൂപവത്കരിക്കണമെന്നും ആവശ്യമുണ്ട്. സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ എൻ.ടി.എക്ക് ഭരണഘടനാപരമോ നിയമാനുസൃതമോ ആയ യു.പി.എസ്.സിയോ എസ്.എസ്.സിയോ പോലെ പാർലമെന്റിനോട് ഉത്തരവാദിത്തമില്ലെന്ന വസ്തുതയും ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി.
ബയോമെട്രിക് വെരിഫിക്കേഷൻ, ജി.പി.എസ് ട്രാക്കിങ്, എ.ഐ സംവിധാനമുള്ള സി.സി.ടി.വി നിരീക്ഷണം എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും ചോദ്യങ്ങൾ ചോർന്നെന്നും അധികൃതർ പിഴവ് സമ്മതിച്ചതിന്റെ തെളിവാണ് പരീക്ഷ റദ്ദാക്കലെന്നും ഹരജിക്കാർ വിശദീകരിച്ചു.


