Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാഹുൽ ദാദാ,...

‘രാഹുൽ ദാദാ, ബംഗാളിലേക്ക് വരൂ’ ബി.ജെ.പിക്ക് നെഞ്ചിടിപ്പേറ്റി മതുവകൾ കോൺഗ്രസിലേക്ക് തിരിയുന്നു, ബംഗാളിൽ മാറ്റത്തിന്റെ കാറ്റോ?

text_fields
bookmark_border
‘രാഹുൽ ദാദാ, ബംഗാളിലേക്ക് വരൂ’  ബി.ജെ.പിക്ക് നെഞ്ചിടിപ്പേറ്റി മതുവകൾ കോൺഗ്രസിലേക്ക് തിരിയുന്നു, ബംഗാളിൽ മാറ്റത്തിന്റെ കാറ്റോ?
cancel

കൽക്കത്ത: ​പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായ ശക്തിയായ മതുവകളുടെ രാഷ്ട്രീയ ചുവടുമാറ്റത്തിൽ ചങ്കിടിപ്പോടെ ബി​.ജെ.പിയും തൃണമൂൽ കോൺഗ്രസും(ടി.എം.സി). നാമസുദ്ര ജാതിയിൽ നിന്നുള്ള മതുവ സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾ ഓഗസ്റ്റ് 23ന് പട്നയിൽ വോട്ടർ അധികാർ യാത്രക്കിടെ കോൺഗ്രസ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ​‘രാഹുൽ ദാദാ ബംഗാളിലേക്ക് വരൂ, ഞങ്ങൾ കോൺഗ്രസിൽ സുരക്ഷിതരാ​ണ്’ എന്ന ബാനറുമായാണ് പശ്ചിമ ബംഗാൾ മതുവ മഹാസംഘ് നേതാക്കൾ രാഹു​ലിനെ കാണാനെത്തിയത്.

വാർത്തയും ചിത്രങ്ങളും പരന്നതോടെ ബി​.ജെ.പി, ടി.എം.സി ക്യാമ്പുകൾ ജാഗ്രതയിലാണ്. സമുദായത്തിന് നേതൃത്വം നൽകുന്ന ഠാക്കൂർ കുടുംബത്തി​ലെ പിളർപ്പും വോട്ടർ പട്ടികാ പരിഷ്‍കരണവുമടക്കം അതൃപ്തി മുർഛിച്ചതോടെയാണ് ഒരുപതിറ്റാണ്ടി​ലേറെയായി തൃണമൂൽ കോൺഗ്രസിനോടും ബി.ജെ.പിയോടും അനുഭാവം പുലർത്തിയിരുന്ന മതുവകൾ കോൺഗ്രസിലേക്ക് തിരിയുന്നത്.

ബംഗാളിലെയും​ കേന്ദ്രത്തി​ലെയും ഭരണകക്ഷി നിലപാടുകളിൽ നിരാശരായ മതുവകളിലെ ഒരുവിഭാഗം തന്നെ വന്ന് കണ്ടിരുന്നതായി മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ‘സമുദായം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കെതിരെ ബി.ജെ.പി, ടി.എം.സി സർക്കാറുകൾ മുഖം തിരിക്കുകയാണെന്ന് മതുവകൾ മനസിലാക്കുന്നുണ്ട്. അവരെ വോട്ടുബാങ്ക് മാത്രമായി കണക്കാക്കുന്നതിൽ അസംതൃപ്തിയുമുണ്ട്. വോട്ടർ പട്ടിക ക്രമക്കേടടക്കം ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന രാഹുൽ ഗാന്ധിയിൽ അവർക്ക് പ്രതീക്ഷ തോന്നുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്ങളും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന് അവർ ഭയപ്പെടുന്നു. വിഷയം രാഹുൽ ഗാന്ധിയെ അറിയിച്ചു. പിന്നാലെ അവരെ പട്നയിലേക്ക് അയച്ചു. അവർ അദ്ദേഹത്തെ കണ്ടു, യാത്രയിൽ പ​ങ്കെടുത്തു, ആവശ്യങ്ങൾ ഉന്നയിച്ചു’, അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഓഗസ്റ്റ് 30ന് സരൺ ജില്ലയിലെ എക്മ പട്ടണത്തിൽ വെച്ചാണ് 24 അംഗ മതുവ പ്രതിനിധി സംഘവും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ‘അദ്ദേഹം ഞങ്ങളെ കേട്ടു, സഹകരിക്കുമെന്ന് ഉറപ്പുനൽകി,” ഒരു പ്രതിനിധി സംഘാംഗം പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് പേരിന് പോലും എം.പിയോ എം.എൽ.എയോ ഇല്ലാത്ത കോൺ​ഗ്രസിന് പ്രതീക്ഷ നൽകുന്നതാണ് പുതിയ മാറ്റങ്ങളെന്നാണ് വിലയിരുത്ത​പ്പെടുന്നത്.

കേന്ദ്രമന്ത്രി ശാന്തനു താക്കൂറും ബി.ജെ.പി എം.എൽ.എയും സഹോദരനുമായ സുബ്രതയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ മൂർഛിക്കെയാണ് മതുവകളിൽ ഒരുവിഭാഗം പരസ്യമായി കോൺ​ഗ്രസിന് പിന്തുണയുമായെത്തുന്നത്. അമ്മായിയും ടി.എം.സി രാജ്യസഭ എം.പിയുമായ മമത ബാല താക്കൂറുമായി ചേർന്ന് സുബ്രത സംസ്ഥാനരാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതായി ശന്തനു ആരോപിച്ചത് സംഗതികൾ കൂടുതൽ വഷളാക്കിയിട്ടുമുണ്ട്.

ഇതിനൊക്കെയപ്പുറം, സ്വന്തം പാർട്ടി പ്രവർത്തകനായ തപൻ ഹൽദാറാണ് ഹരിയാനയിൽ രാഹുൽ ഗാന്ധിയെ കാണാൻ പോയ സംഘത്തെ നയിച്ചതെന്ന തിരിച്ചറിവ് ബി.ജെ.പിയെ ഒട്ടൊന്നുമല്ല വലക്കുന്നത്. പശ്ചിമബംഗാളിൽ ബി.ജെ.പിടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2019-​ലേത്. 42 ലോക്‌സഭാ സീറ്റുകളിൽ 18 എണ്ണവും നേടിയ പാർട്ടിയുടെ വിജയക്കുതിപ്പിൽ നിർണായകമായത് 2019-ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുമെന്ന വാഗ്ദാനത്തെ പിന്തുണച്ച മതുവകളായിരുന്നു. ദുർബലമെങ്കിലും മതുവകളിലൂടെ ഒരു മൂന്നാം ബദലിന്റെ ആവിർഭാവം ബി.ജെ.പിക്ക് ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുക.

മതുവകളിൽ കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ചാണ് രാഹുൽ ഗാന്ധിയെ കാണാൻ കൊണ്ടുപോയതെന്നാണ് അഖിലേന്ത്യാ മതുവ മഹാസംഘത്തിന്റെ തലവനായ ശാന്തനു താക്കൂറിന്റെ വാദം. ഹൽദാറിനോട് വിശദീകരണം ചോദിക്കുമെന്ന് ബി.ജെ.പി ബോംഗോൺ ജില്ല പ്രസിഡന്റ് ബികാഷ് ഘോഷ് പറഞ്ഞു. മതുവ പിന്തുണ കോൺഗ്രസിലേക്ക് മാറുമെന്ന പരിഭ്രാന്തിയിലാണ് ബി.ജെ.പിയെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന കോൺഗ്രസ് വക്താവ് കേതൻ ജയ്‌സ്വാൾ പറയുന്നു.

പൗരത്വമെന്ന ആവശ്യം

വിഭജനകാലത്തും, പിന്നീട് 1971 ലെ യുദ്ധകാലത്തും രണ്ടുഘട്ടമായി ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയവരാണ് മതുവകൾ. സാമൂഹിക പരിഷ്കർത്താവായ ഗുരുചന്ദ് താക്കൂറിന്റെ ‘ജെയ് ജതിർ ഡോൾ നെയ്, ഷെയ് ജതിർ ബോൽ നെയ് (ഒരു പാർട്ടിയോ സംഘടനയോ ഇല്ലാത്ത ഒരു സമൂഹം ദുർബലമാണ്)’ എന്ന ചൊല്ലു പിന്തുടർന്ന സമൂഹം, തുടക്കം മുതൽ രാഷ്ട്രീയ മുഖ്യധാരയിൽ പങ്കാളികളാവാൻ ശ്രമിച്ചു. ഗുരുചന്ദ് താക്കൂറിന്റെ ചെറുമകനും ശാന്തനുവിന്റെയും സുബ്രത താക്കൂറിന്റെയും മുത്തച്ഛനുമായ പ്രമഥ രഞ്ജൻ ഠാക്കൂർ 1962 ൽ ബി.സി റോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ഗോത്ര വികസന സഹ മന്ത്രിയായിരുന്നു.

1971 ന് ശേഷം നോർത്ത് 24 പർഗാനാസ്, നാദിയ, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ മതുവ അഭയാർത്ഥികളുടെ പുനരധിവാസത്തിന് കോൺഗ്രസ് സർക്കാർ മേൽനോട്ടം വഹിച്ചെങ്കിലും, അവരെ അടിസ്ഥാനപരമായി ‘അംഗീകരിക്കപ്പെടാത്ത അഭയാർത്ഥികൾ’ ആയാണ് കണക്കാക്കിയത്. ഇതുകൊണ്ടുതന്നെ വിഭാഗത്തിന് പൗരത്വം കിട്ടിയുമില്ല. തുടർന്ന്, ഇടതുപക്ഷ ഭരണകാലത്ത്, മതുവകൾക്ക് റേഷൻ കാർഡുകൾ ലഭിക്കുകയും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും ചെയ്തു, പക്ഷേ പൗരത്വം അപ്പോഴും കിട്ടാക്കനിയായി തുടർന്നു.

സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷ മേധാവിത്വം തകർന്നതിന് പിന്നാലെ, ടി.എം.സി, ഠാക്കൂർ കുടുംബത്തെ സമീപിച്ചു. സി.പി.എമ്മിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിന്റെ അവസാനത്തിന്റെ സൂചന നൽകിയ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മതുവകൾ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് അകമഴിഞ്ഞ പിന്തുണ നൽകി. അഞ്ച് വർഷത്തിന് ശേഷം, പി.ആർ താക്കൂറിന്റെ മകൻ കപിൽ കൃഷ്ണ ഠാക്കൂർ ടി.എം.സി ടിക്കറ്റിൽ ബോംഗാവ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചതിന് പിന്നാലെ, കുടുംബത്തിൽ തർക്കം രൂക്ഷമായി. കപിൽ കൃഷ്ണയുടെ ഭാര്യ മമത ബാല ഉൾപ്പെടെയുള്ളവർ ടി.എം.സിയെ പിന്തുണച്ചപ്പോൾ കപിൽ കൃഷ്ണയുടെ സഹോദരൻ മഞ്ജുൾ കൃഷ്ണയും അനന്തരവൻമാരായ ശാന്തനുവും സുബ്രതയും ഉൾപ്പെടെ ബി.ജെ.പിയിൽ ചേർന്നവർ മറുപക്ഷത്ത് നിന്നത് ഠാക്കൂർ കുടുംബത്തി​ലെ പിളർപ്പിന് വഴിവെച്ചു.

മതുവകൾക്ക് ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ലഭിക്കുന്നതിനും രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിനും ടി.എം.സി സഹായിച്ചപ്പോൾ, 2019 ലെ സി.എ.എ പ്രകാരം പൗരത്വം നൽകുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. എന്നാൽ രാജ്യവ്യാപകമായ എൻ.ആർ.സിയും എസ്.ഐ.ആറുമടക്കം പദ്ധതികൾ മതുവകളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്തുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് വിഭാഗത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആരാധകരുണ്ടാവുന്നത്. അതുതന്നെയാണ് ടി.എം.സിക്കും ബി.ജെ.പിക്കും ആശങ്കയേറ്റുന്നതും.

Show Full Article
TAGS:West Bengal BJP TMC Congress 
News Summary - ‘Rahul dada, come to Bengal’: Why a group of Matuas visited Bihar to meet Congress leader, alarming BJP
Next Story