'ഞാൻ ആവർത്തിക്കുന്നു, ഇന്ത്യയിലെ ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് മോദി'; എച്ച്-വൺബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി, നരേന്ദ്ര മോദി
ന്യൂഡൽഹി: എച്ച്-വൺബി വിസ ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി യു.എസ് വർധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
'ഞാൻ ആവർത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് മോദി'-എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. വിസ ഫീസ് വർധനയെ കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു രാഹുലിന്റെ എക്സ് പോസ്റ്റ്.
2017ലും ഇന്ത്യക്ക് ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരുന്നു.
സെപ്റ്റംബർ 21 മുതൽ എച്ച്-വൺ ബി വിസ ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്താനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. വിസാ ഫീസ് വര്‍ധനയുടെ വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി.
വിസ ഫീസ് ഉയർത്തിയതിന് പിന്നാലെ എച്ച്‍-വൺ ബി വിസക്കാരായ രാജ്യത്തിന് പുറത്തുള്ള ജീവനക്കാർ 24 മണിക്കൂറിനകം മടങ്ങിയെത്തണമെന്ന് മെറ്റയും മൈക്രോസോഫ്റ്റും ഉൾപ്പെടെയുള്ള കമ്പനികൾ നിർദേശം നൽകിയിരുന്നു.
എച്ച്‍-വൺബി വിസകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യക്കാരാണ്. ഫീസ് വർധിപ്പിക്കുന്നതിലൂടെ അമേരിക്കൻ തൊഴിൽ വിപണി സംരക്ഷിക്കുകയും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും മോദിസർക്കാറിനെ വിമർശിച്ച് രംഗത്തുവന്നു. മോദി തന്റെ ജന്മദിനത്തിൽ രാജ്യത്തിന് നൽകിയ 'റിട്ടേൺ ഗിഫ്റ്റ്' എല്ലാ ഇന്ത്യക്കാരെയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ടെന്നാണ് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചത്. എച്ച്-വൺബി വിസയുടെ 70 ശതമാനം ഉപയോക്താക്കൾ ഇന്ത്യക്കാരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. യു.എസ് തീരുവ വർധനവും എച്ച്-വൺബി വിസ ഫീസ് കൂട്ടിയതും രാജ്യത്തെ 10 അടിസ്‍ഥാന മേഖലകളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്-വൺബി വിസ
കുടിയേറ്റ ഇതര വിസയാണ് എച്ച്-വൺബി വിസ. ലോട്ടറി സിസ്റ്റം വഴിയാണ് വിസ നൽകുന്നത്. ഐടി, ആർക്കിടെക്ചർ, ആരോഗ്യ മേഖലകൾ തുടങ്ങിയ പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള ആളുകൾക്കാണ് വിസ ലഭിക്കുക. വിസയുടെ സമയപരിധി മൂന്നുവർഷമാണ്. വിസ പുതുക്കലിന് നേരത്തേ ആറു ലക്ഷം രൂപയായിരുന്നു. നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം ഇപ്പോൾ വിസ പുതുക്കുന്നതിന് ഓരോ തവണയും 88 ലക്ഷം രൂപ ചെലവാകും.