‘വോട്ടുവെട്ടാൻ 36 സെക്കൻഡിൽ ഒരാൾ സമർപ്പിച്ചത് രണ്ട് അപേക്ഷ, ഇത് മനുഷ്യസാധ്യമല്ല’ -രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: സോഫ്റ്റ് വെയർ ഉപയോഗിച്ച് ആസൂത്രിതമായി ആയിരക്കണക്കിന് വോട്ടുകൾ കൂട്ടത്തോടെ നീക്കാൻ ശ്രമിച്ചതായും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സംരക്ഷണം നൽകിയതായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് തെളിവുസഹിതം. വാർത്തസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ രാഹുൽ പുറത്തുവിട്ടത്.
കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ 6018 വോട്ടുകൾ സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളും കേന്ദ്രീകൃത സോഫ്റ്റ്വെയറും ഉപയോഗിച്ച് കൂട്ടത്തോടെ വെട്ടിമാറ്റിയതിന്റെ സാക്ഷികളെയും അദ്ദേഹം ഹാജരാക്കി. കേന്ദ്രീകൃതമായി വോട്ടുനീക്കിയവരെ പിടികൂടാൻ കർണാടക സി.ഐ.ഡി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ നൽകാതെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വോട്ടുകൊള്ളക്കാർക്ക് സംരക്ഷണം നൽകുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
വോട്ടു നീക്കാൻ അപേക്ഷകൾ; അപേക്ഷകരറിഞ്ഞില്ല
കർണാടകയിൽ കോൺഗ്രസിന് വോട്ടുകൾ കൂടുതലുള്ള ബുത്തുകളിൽ വോട്ടർമാരെ നീക്കാൻ ഓൺലൈനിൽ ‘ഫോം 7’ അപേക്ഷകൾ വ്യാജമായുണ്ടാക്കിയതിന്റെ തെളിവുകൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയും അവരെ നീക്കാൻ അപേക്ഷ നൽകിയെന്ന് കമീഷൻ പറയുന്നവരെയും മാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ ഹാജരാക്കി. മറ്റുള്ളവരുടെ വോട്ടുനീക്കാൻ അപേക്ഷ നൽകിയെന്ന് കമീഷന്റെ രേഖകളിലുള്ള ഗോദ ബായിയും സൂര്യകാന്തും ഇക്കാര്യം തങ്ങളറിഞ്ഞില്ലെന്ന് പറഞ്ഞു. 36 സെക്കൻഡിൽ ഒരാൾ രണ്ട് അപേക്ഷ സമർപ്പിച്ചത് മനുഷ്യസാധ്യമല്ലെന്നും ഇത് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചെയ്തതാണെന്നും എല്ലാ ബൂത്തിലും ഒന്നാം ക്രമനമ്പറുകാരാണ് അപേക്ഷകരെന്നും തെളിവായി രാഹുൽ ചൂണ്ടിക്കാട്ടി.
തെളിവുകൾ നൽകാതെ സംരക്ഷണം
കമീഷന്റെ പക്കൽ ഉള്ള തെളിവുകൾ നൽകാതെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്ക് സംരക്ഷണം നൽകിയതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വ്യാജ ലോഗിൻ ചെയ്ത് ഓൺലൈനായി കൂട്ടവെട്ടിമാറ്റലിന് അപേക്ഷ നൽകിയവരെ പിടിക്കാൻ അതിനുപയോഗിച്ച കമ്പ്യൂട്ടറുകളുടെ സ്ഥലവും ഐ.പി അഡ്രസും ഏതാണെന്ന സുപ്രധാന വിവരമാണ് സി.െഎ.ഡി കമീഷനോട് ചോദിച്ചത്. ഒാൺലൈനിൽ അപേക്ഷ നൽകാൻ വ്യാജ അപേക്ഷകർ കൊടുത്ത കർണാടകക്ക് പുറത്തുള്ള മൊബൈൽ നമ്പറുകൾ വെളിപ്പെടുത്തിയ രാഹുൽ ഇവയിൽനിന്നും കമീഷന് അയച്ച ഒ.ടി.പി നമ്പറുകളും അന്വേഷണ ഏജൻസി ചോദിച്ചുവെന്ന് വ്യക്തമാക്കി. 2023 ഫെബ്രുവരിയിൽ അന്വേഷണം തുടങ്ങിയ ശേഷം ഈ വർഷം സെപ്റ്റംബർ വരെ 18 തവണ അപേക്ഷ നൽകിയിട്ടും ഈ നിർണായക വിവരങ്ങൾ നൽകാൻ തയാറായിട്ടില്ല. അതിനാൽ കർണാടക സി.ഐ.ഡി ആവശ്യപ്പെട്ട ഈ വിവരങ്ങൾ ഒരാഴ്ചക്കകം നൽകാൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറോട് രാഹുൽ ആവശ്യപ്പെട്ടു.
ഓൺലൈനിൽ വോട്ട് നീക്കാനാവില്ലെന്ന് കമീഷൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവും ആണെന്നും ഓൺലൈനായി ഒരു വോട്ടറുടെ പേരും നീക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ. വെട്ടിമാറ്റപ്പെടുന്നയാൾക്ക് പറയാനുള്ളത് കേൾക്കാതെ ഒരാളുടെ പേരും നീക്കില്ലെന്നും കമീഷൻ അവകാശപ്പെട്ടു.
കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ 6018 വോട്ടർമാരെ എൻ.എസ്.വി.പി, വി.എച്ച്.എ, ഗരുഡ പോലുള്ള വിവിധ ആപ്പുകൾ ഉപയോഗിച്ച് വെട്ടിമാറ്റാൻ അപേക്ഷകൾ സമർപ്പിച്ച കേസിൽ ആവശ്യമായ വിവരങ്ങളെല്ലാം 2023 സെപ്റ്റംബറിൽതന്നെ നൽകിയിട്ടുണ്ട്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുംഅസിസ്റ്റൻറ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരും ബൂത്ത് തല ഓഫിസർമാരും വെട്ടി മാറ്റാനുള്ള അപേക്ഷകൾ പരിശോധിച്ചിരുന്നു.
ആകെ സമർപ്പിച്ച 6018 അപേക്ഷകളിൽ 24 എണ്ണം മാത്രമാണ് ശരിയെന്ന് കണ്ടെത്തി അംഗീകരിച്ചത്. ബാക്കി 5994 വോട്ടർമാരെ നീക്കാനുള്ള അപേക്ഷകൾ ശരിയല്ലെന്ന് കണ്ടെത്തി തള്ളിയിരുന്നുവെന്ന് കമീഷൻ കൂട്ടിച്ചേർത്തു.


