കടുപ്പിച്ച് രാഹുൽ ഗാന്ധി; പ്രതിരോധിക്കാൻ ബി.ജെ.പി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായ ഒപ്പുശേഖരണ കാമ്പയിൻ തുടങ്ങിയതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രചാരണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷൻ ഉണർന്നിരുന്ന് വോട്ടുകൊള്ള നോക്കിയിരുന്ന് കള്ളന്മാരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ആവർത്തിച്ചു.
അതേസമയം, വോട്ടുകൊള്ളക്കെതിരായ പോരാട്ടത്തിൽ ഒപ്പംനിന്ന് ജനാധിപത്യം സംരക്ഷിക്കാൻ യുവാക്കളോടും ‘ജെൻ സീ’യോടും രാഹുൽ ആവശ്യപ്പെട്ടതിനെതിരെ കമീഷനെ പ്രതിരോധിക്കാൻ ബി.ജെ.പി രംഗത്തുവന്നു. ബംഗ്ലാദേശിലെയും നേപ്പാളിലെയും സാഹചര്യം ഇന്ത്യയിലുണ്ടാക്കാനാണ് രാഹുലിന്റെ നീക്കമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം.
രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ജെൻ സീയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്നും വോട്ടുകൊള്ള തടയുമെന്നും താൻ അവർക്കൊപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. നാലു മണിക്കെഴുന്നേൽക്കുക, വോട്ടർമാരുടെ പേര് വെട്ടിക്കളയുക, വീണ്ടും ഉറങ്ങാൻ പോകുക. ഇങ്ങനെയാണ് വോട്ടുകൊള്ള നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ജെൻ സീ ബംഗ്ലാദേശ് ഇസ്‍ലാമിക രാജ്യവും നേപ്പാൾ ഹിന്ദു രാജ്യവും ആക്കാനാഗ്രഹിക്കുമ്പോൾ അവർ എന്തുകൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാതിരിക്കില്ലെന്ന് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ ചോദിച്ചു. ജെൻ സീ മക്കൾ രാഷ്ട്രീയത്തിനെതിരായതിനാൽ രാജ്യം വിടാൻ രാഹുൽ തയാറായിക്കോളൂ എന്നും ദുബെ കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള നീക്കം ഫലം കണ്ടില്ലെന്ന കമീഷന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ വോട്ടർമാർ രംഗത്തെത്തി. വോട്ടെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരാണ് മാധ്യമങ്ങൾക്ക് മുമ്പാകെ വന്നത്.
ന്യൂനപക്ഷ വോട്ടുകളാണ് കുടുതൽ വോട്ടുകളും വെട്ടിമാറ്റിയതെന്നും അവർ പറഞ്ഞു. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ബൂത്തിൽ വന്ന ശേഷമാണ് വോട്ടുചെയ്യാൻ അവസരം ലഭിച്ചതെന്നും അവർ പറഞ്ഞു. കമീഷൻ സ്വന്തം നിലക്കല്ല, മറിച്ച് വോട്ടർമാർ പരാതി നൽകിയപ്പോഴാണ് കമീഷൻ ഇതിനെക്കുറിച്ച് പരാതി നൽകിയതെന്ന് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ ഹാജരാക്കിയ കോൺഗ്രസ് നേതാവ് ബി.ആർ. പാട്ടീൽ പറഞ്ഞു.
തെര. കമീഷനിൽ ഭിന്നസ്വരം; ഗ്യാനേഷ് കുമാറിന് കീഴുദ്യോഗസ്ഥന്റെ തിരുത്ത്
ന്യൂഡൽഹി: ‘കേന്ദ്രീകൃത ഹൈടെക് വോട്ടുകൊള്ള’യെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമീഷനിൽ ഭിന്നത. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ നടത്തിയ വോട്ടുകൊള്ള അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചപ്പോൾ രാഹുൽ പറഞ്ഞ സംഭവമുണ്ടെന്ന് ശരിവെക്കുകയാണ് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ചെയ്തത്.
രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനത്തെ തുടർന്ന് ആദ്യം വന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സമൂഹ മാധ്യമ പ്രതികരണം ആയിരുന്നു. രാഹുൽ ഗാന്ധി പറഞ്ഞതത്രയും അവാസ്തവവും അടിസ്ഥാനരഹിതവും ആണെന്ന് പറയുകയാണ് കമീഷൻ ആദ്യ വാർത്താക്കുറിപ്പിൽ ചെയ്തത്. ഫലം കാണാത്ത ചില ശ്രമങ്ങൾ അലന്ദ് നിയമസഭാ മണ്ഡലത്തിൽ ഉണ്ടായെന്നുമാത്രം പറഞ്ഞുവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അതിന്റെ വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല. ഇതുകൂടാതെ 2018ൽ ബി.ജെ.പി ജയിച്ച മണ്ഡലത്തിൽ 2023ൽ കോൺഗ്രസ് ആണ് ജയിച്ചതെന്നുപറഞ്ഞ് രാഹുലിനെ രാഷ്ട്രീയമായി നേരിടാനാണ് കമീഷൻ നോക്കിയത്.
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെക്കുന്നതായിരുന്നു കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വാർത്താക്കുറിപ്പ്. മാത്രമല്ല, വോട്ടുകൾ വെട്ടിമാറ്റാനുള്ള 6018 ഫോം 7 അപേക്ഷകൾ ഏതൊക്കെ ആപ്പുകൾ വഴിയാണ് വന്നതെന്നുകൂടി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വെളിപ്പെടുത്തി. എൻ.വി.എസ്, പി.വി.എച്ച്, ഗരുഡ എന്നീ ആപ്പുകൾ വഴിയാണ് ഈ വ്യാജ അപേക്ഷകൾ വന്നത് എന്നാണ് സി.ഇ.ഒ വെളിപ്പെടുത്തിയത്.
വോട്ടുകൾ വെട്ടിമാറ്റാനായി വലിയതോതിൽ ഒരുമിച്ച് അപേക്ഷകൾ വന്നതോടെ അതിന്റെ ആധികാരികതയിൽ സംശയം തോന്നിയെന്നും തുടർന്ന് അന്വേഷണത്തിന് തുടക്കമിട്ടുവെന്നും സി.ഇ.ഒ വ്യക്തമാക്കി. അങ്ങനെ 6018 കൂട്ട അപേക്ഷകൾ പരിശോധിച്ചതിൽ 24 എണ്ണം മാത്രം നിലനിൽക്കുന്നതും 5994 എണ്ണം വ്യാജമാണെന്നും കണ്ടെത്തിയെന്ന് സി.ഇ.ഒ പറഞ്ഞു. ബൂത്തുതല ഓഫിസർമാരാണ് ഈ ക്രമക്കേട് കണ്ടെത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ശരിവെച്ചു.
ഈ കുറിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു എന്നതാണ് കൗതുകകരം. തെരഞ്ഞെടുപ്പ് കമീഷനിലും തങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് കമീഷനുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്.


