Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാർഗെക്കായി മിണ്ടാത്ത...

ഖാർഗെക്കായി മിണ്ടാത്ത ‘ബ്രാഹ്മണിക്കൽ നേതാക്കൾ’ക്ക് രാഹുലിന്റെ ഒളിയമ്പ്

text_fields
bookmark_border
ഖാർഗെക്കായി മിണ്ടാത്ത ‘ബ്രാഹ്മണിക്കൽ നേതാക്കൾ’ക്ക് രാഹുലിന്റെ ഒളിയമ്പ്
cancel

ന്യൂഡൽഹി: ദലിതനായതിന്റെ പേരിൽ സ്വന്തം പാർട്ടിയുടെ അധ്യക്ഷന്റെ വേദി ഹിന്ദുത്വവാദികൾ ‘ശുദ്ധികലശം’ ചെയ്തിട്ടും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനോ ജാതി വിവേചനത്തിനെതിരെ ശബ്ദിക്കാനോ തയാറാകാതെ മൗനത്തിലൊളിച്ച ചില കോൺഗ്രസ് നേതാക്കൾക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒളിയമ്പ്. ദലിത് വിഭാഗത്തിൽപ്പെട്ടതിന്റെ പേരിൽ ജാതി വിവേചനത്തിനിരയായപ്പോൾ കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ പലരും മൗനം പാലിച്ചതിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ മല്ലികാർജുൻ ഖാർഗെതന്നെ വിമർശിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സ്ഥീരീകരിച്ചു. എല്ലാ കോൺഗ്രസ് നേതാക്കളുമല്ല, ചില വ്യക്തികളാണ് മൗനം പാലിച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തത വരുത്തി.

ഖാർഗെക്ക് അയിത്തം കൽപിച്ച് ഉത്തരഖണ്ഡിലെ രാംലീല മൈതാനം ശുദ്ധീകരണം നടത്തിയവർക്കെതിരെ പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തന്നെ പിന്തുണക്കാതിരുന്ന കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഖാർഗെക്ക് വിമർശിക്കേണ്ടിവന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചില കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ചുവെന്നാണ് ഖാർഗെ ചൂണ്ടിക്കാട്ടിയതെന്ന് രാഹുൽ വ്യക്തത വരുത്തിയത്.

‘നന്നായി എഴുതുന്നവരും സുമുഖൻമാരുമായ’ ചില കോൺഗ്രസ് നേതാക്കൾ താൻ നേരിട്ട ജാതി വിവേചനത്തിൽ മൗനം പാലിച്ചുവെന്നാണ് ഖാർഗെ തുറന്നടിച്ചത്. അതേസമയം, വിഷയം ശക്തമായി ഉന്നയിച്ച് ദേശീയതലത്തിൽ ചർച്ചയാക്കിയ ഉത്തരഖണ്ഡ് കോൺഗ്രസ് കമ്മിറ്റിയെ ഖാർഗെ ശ്ലാഘിക്കുകയും ചെയ്തിരുന്നു.

ഖാർഗെയുടെ റാലി നടന്ന് രണ്ടാം ദിവസം ആഗസ്റ്റ് പത്തിനാണ് ബി.ജെ.പി പ്രവർത്തകർ ശുദ്ധീകരണം നടത്തിയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 13ന് ഖാർഗെ പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ കർശന നടപടിയെടുക്കുമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും സഭാ നേതാവ് ജെ.പി. നഡ്ഡയും ഉറപ്പു നൽകിയിരുന്നത്. ഇരുവരും ശുദ്ധികലശത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. എന്നിട്ടും പല മുതിർന്ന കോൺഗ്രസ് നേതാക്കളും പാർട്ടി അധ്യക്ഷന് നേരിട്ട അവഹേളനം ഒരു വിഷയമായി ഉയർത്തിക്കാട്ടാനോ അതേകുറിച്ച് പ്രതികരിക്കാനോ തയാറായില്ല.

Show Full Article
TAGS:Rahul Gandhi Mallikarjun Kharge Congress caste discrimination 
News Summary - Rahul jibe at leaders silent on Kharge
Next Story